ദുബായ്: 2024ലെ ഒളിംപിക്സിലെ വോളിബോളിന് ഇന്ത്യ യോഗ്യത നേടുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ ഉക്രപാണ്ഡ്യൻ. കുവൈത്തിൽ നടന്ന ആറാമത് ജിമ്മി ജോർജ് വോളിബോൾ ടൂർണമെന്റിൽ പ്ലയർ ഓഫ് ദ ടൂർണമെന്റായി തിരഞ്ഞെടുത്തതിന് ശേഷം ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രൊ വോളീ ലീഗ് ഇന്ത്യയിൽ വന്നതോടെ കായിക താരങ്ങളുടെ മനോബലം ഉയർന്നിട്ടുണ്ടന്നും, ഒളിംപിക്സ് സ്വർണ്ണ മെഡൽ ജേതാക്കൾ അടക്കമുള്ളവർ ഇന്ത്യയിൽ കളിക്കാൻ വരുന്നത് ഇന്ത്യൻ വോളീബോളിന് ഏറെ ഗുണകരമാകുമെന്നും ഇന്ത്യൻ നായകൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിൽ സർക്കാർ ജോലി ലഭിക്കാത്ത വോളിബോൾ താരങ്ങൾക്ക് കുവൈത്തിൽ ജോലി നൽകുന്ന കമ്പനികൾ വലിയ കാര്യമാണ് ചെയ്യുന്നതെന്നും ഇന്ത്യൻ നായകൻ പറഞ്ഞു.

ഇന്ത്യൻ വോളിബോൾ അസോസിയേഷൻ കുവൈത്ത് സംഘടിപ്പിച്ച ആറാമത് ജിമ്മി ജോർജ് രാജ്യാന്തര ടൂർണ്ണമെൻറിൽ ഉക്രപാണ്ഡ്യന്റ നേതൃത്വത്തിൽ ഇറങ്ങിയ ബൂബിയാൻ സ്ട്രൈക്കേഴ്സ് കിരീടം നേടി. കലാശ പോരാട്ടത്തിൽ ബെൽ ആന്റ് ജോണിനെ പരാജയപ്പെടുത്തിയാണ് കഴിഞ്ഞ തവണ കൈവിട്ട കിരീടം ബൂബിയാൻ തിരിച്ച് പിടിച്ചത്.