ഏഷ്യാ കപ്പ്‌ ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ജേതാക്കളായി. പുരുഷ ഫൈനലില്‍ ദക്ഷിണ കൊറിയയെയും വനിതാ ഫൈനലില്‍ ചൈനയേയും തോല്‍പ്പിച്ചു. ഇതോടെ, ഇന്ത്യന്‍ ടീമുകള്‍ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‌ യോഗ്യത നേടി.

ന്യൂഡല്‍ഹി: ചൈനയിലെ മോഖിയില്‍ നടന്ന പുരുഷ വിഭാഗം ഏഷ്യ കപ്പ്‌ ജൂനിയര്‍ ഹോക്കിയില്‍ ഇന്ത്യ ചാമ്പ്യന്‍മാര്‍. ഫൈനലില്‍ 4-1ന്‌ ദക്ഷിണ കൊറിയയെ തോല്‍പ്പിച്ചു. ഇന്ത്യന്‍ ഹോക്കി ടീം തുടര്‍ച്ചയായി നാലാം തവണയാണ്‌ ഏഷ്യ കപ്പ്‌ ജൂനിയര്‍ ഹോക്കിയില്‍ ജേതാക്കളാകുന്നത്‌.

2015, 2023, 2024 വര്‍ഷങ്ങളിലായിരുന്നു ഇതിന്‌ മുമ്പ്‌ ചാമ്പ്യന്‍മാരായത്‌. തുടരെ നാല്‌ എഡിഷനുകളില്‍ ജേതാക്കളാകുന്ന ആദ്യ ടീമാണ്‌ ഇന്ത്യ. ആകെ ആറ്‌ തവണയാണ്‌ ഏഷ്യ കപ്പ്‌ ജൂനിയര്‍ ഹോക്കി കിരീടത്തില്‍ ഇന്ത്യ മുത്തമിട്ടത്‌. വനിതാ വിഭാഗം ഏഷ്യാ കപ്പ്‌ ജൂനിയര്‍ ഹോക്കിയിലും ഇന്ത്യക്കാണ്‌ കിരീടം. ഫൈനലില്‍ ചൈനയെ ഏക ഗോളിന്‌ പരാജയപ്പെടുത്തി. ഇന്ത്യയുടെ ഹാട്രിക്ക്‌ കിരീട നേട്ടമാണിത്‌. ഇന്ത്യയുടെ പുരുഷ, വനിതാ ടീമുകള്‍ ജൂനിയര്‍ ഹോക്കി ലോകകപ്പിന്‌ യോഗ്യത നേടുകയും ചെയ്‌തു.

ഒമ്പതാം മിനുട്ടില്‍ ഉത്തര്‍പ്രദേശ്‌ താരം അജീത്‌ യാദവ്‌ നേടിയ ലീഡ്‌ ഗോളാണ്‌ ഫൈനലില്‍ ഇന്ത്യക്ക്‌ മേധാവിത്വം നല്‍കിയത്‌. തുടക്കത്തില്‍ ഗോള്‍ നേടിയതിന്റെ ആവേശത്തില്‍, മത്സരം പകുതി നേരമാകുമ്പോഴേക്കും മൂന്ന്‌ ഗോളിന്‌ മുന്നിലെത്തി ഇന്ത്യ. പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി അഷു മൗര്യ ഇന്ത്യയുടെ മാര്‍ജിന്‍ ഉയര്‍ത്തി (4-0). അവസാന നിമിഷം ദക്ഷിണ കൊറിയ ഒരു ഗോള്‍ തിരിച്ചടിച്ച്‌ പരാജയഭാരം കുറച്ചു.

ടൂര്‍ണമെന്റിലുടനീളം ഇന്ത്യ മികച്ച ഫോമിലായിരുന്നു. ഗ്രൂപ്പ്‌ റൗണ്ടില്‍ മൂന്ന്‌ ജയവും ഒരു സമനിലയുമായി ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഫൈനലിലെത്തിയ ദക്ഷിണി കൊറിയ ആയിരുന്നു രണ്ടാം സ്ഥാനത്ത്‌. സെമിയില്‍ മലേഷ്യയെ ഒന്നിനെതിരെ മൂന്ന്‌ ഗോളുകള്‍ക്ക്‌ തോല്‍പ്പിച്ചാണ്‌ ഫൈനല്‍ പ്രവേശം. മറ്റൊരു സെമിയില്‍ ദക്ഷിണ കൊറിയ 4-1ന്‌ പാക്കിസ്ഥാനെ തുരത്തി. വെങ്കല മെഡലിനായുള്ള പ്ലേ ഓഫില്‍ പാക്കിസ്ഥാന്‍ 4-2ന്‌ മലേഷ്യയെ പരാജയപ്പെടുത്തി.

ഏഷ്യ കപ്പ്‌ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍മാരായ പുരുഷ, വനിതാ ടീമംഗങ്ങള്‍ക്ക്‌ മൂന്ന്‌ ലക്ഷം രൂപ വീതം പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്‌ ഹോക്കി ഇന്ത്യ. സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുകള്‍ക്ക്‌ ഒന്നരലക്ഷം രൂപ വീതവും ലഭിക്കും.

ഏഷ്യാനെറ്റ്‌ ന്യൂസ്‌ ലൈവ്‌ ലിങ്ക്‌:https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK