റാഞ്ചി: ഇന്ത്യന്‍ അമ്പെയ്ത്ത് താരങ്ങളായ ദീപികാ കുമാരിയും അതാനു ദാസും വിവാഹിതരായി. 2018 ഡിസംബറില്‍ ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. റാഞ്ചിയിലെ മൊറാബാദിയിലായിരുന്നു വിവാഹം. കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ സാമൂഹിക അകലം അടക്കമുള്ള മാനദണ്ഡങ്ങള്‍ പാലിച്ച് 60 ഓളം പേരെ മാത്രമെ വിവാഹത്തിന് ക്ഷണിച്ചിരുന്നത്. 

ഝാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ ചടങ്ങുകളില്‍ പങ്കെടുത്തു. സാമൂഹിക അകലം ഉറപ്പുവരുത്താനായി അതിഥികളെ വ്യത്യസ്ത സമയങ്ങളിലാണ് വിവാഹസത്കാരത്തിനായി ക്ഷണിച്ചിരുന്നത്. വിവാഹസത്കാരത്തിലെ തിരക്ക് ഒഴിവാക്കാന്‍ ദീപികയുടെ കുടുംബാംഗങ്ങളും ബന്ധുക്കളും സത്കാരത്തില്‍ നിന്ന് വിട്ടുനിന്നിരുന്നു.

മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ ദീപികാ കുമാരി കോമണ്‍വെല്‍ത്ത് ഗെയിംസിലെ സ്വര്‍ണമെഡല്‍ ജേതാവാണ്. നിലിവില്‍ ലോക റാങ്കിംഗില്‍ ഒമ്പതാം സ്ഥാനത്താണ് ദീപികാ കുമാരി. മൂന്ന് തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ദീപിക അമ്പെയ്ത്ത് ലോകകപ്പില്‍ മൂന്ന് വെള്ളിയും ഒരു വെങ്കലവും നേടിയിട്ടുണ്ട്.

കൊല്‍ക്കത്ത സ്വദേശിയായ അതാനു ദാസ് ഇന്ത്യയുടെ അമ്പെയ്ത്ത് റീക്കര്‍വ് ടീം അംഗമാണ്. ദീപികയും അതാനുവും ചേര്‍ന്ന് ലോകകപ്പില്‍ 2013ല്‍ മിക്സഡ് ഡബിള്‍സില്‍ ജേതാക്കളായിട്ടുണ്ട്.