Asianet News MalayalamAsianet News Malayalam

ഏഷ്യന്‍ ഗെയിംസ് യോഗ്യത നേടി ഇന്ത്യന്‍ ജിയു ജിറ്റ്സു താരം

ഈ വര്‍ഷമാണ് ആദ്യമായി ഈ ഇനത്തില്‍ ഇന്ത്യ യോഗ്യത നേടുന്നത്. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയില്‍ വച്ചാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

Indian Jiu Jitsu fighter Siddharth Singh qualified for the upcoming Asian Games
Author
First Published Jun 30, 2023, 2:06 PM IST

ദില്ലി: ഏഷ്യന്‍ ഗെയിംസില്‍ ജിയു ജിറ്റ്സു ഇനത്തിന് യോഗ്യത നേടി ഇന്ത്യന്‍ താരം സിദ്ദാര്‍ത്ഥ് സിംഗ്. 2018ലാണ് ജിയു ജിറ്റ്സു ഏഷ്യന്‍ ഗെയിംസില്‍ ഇടം നേടിയത്. എതിരാളിയെ നിലത്ത് നിന്നും വിവിധ രീതികളില്‍ അടിക്കുന്നതും എറിയുന്നതും പിടിച്ച് നിര്‍ത്തുന്നതും അടക്കം ഉള്‍പ്പെട്ട ദ്വന്ദ്വയുദ്ധസമാനമായ മത്സര ഇനമാണ് ജിയു ജിറ്റ്സു. ഈ വര്‍ഷമാണ് ആദ്യമായി ഈ ഇനത്തില്‍ ഇന്ത്യ യോഗ്യത നേടുന്നത്. സെപ്തംബര്‍ 23 മുതല്‍ ഒക്ടോബര്‍ 8 വരെ ചൈനയില്‍ വച്ചാണ് ഏഷ്യന്‍ ഗെയിംസ് നടക്കുന്നത്.

മാര്‍ഷല്‍ ആര്‍ട്സ് കലാരൂപമെന്ന നിലയില്‍ ജിയു ജിറ്റ്സുവിനെ 2012 മുതല്‍ തന്നെ പ്രോത്സാഹിപ്പിക്കുന്ന കായികതാരമാണ് സിദ്ദാര്‍ത്ഥ് സിംഗ്. നിരവധി ആളുകള്‍ ഭാവിയുണ്ടാവില്ലെന്ന് കാണിച്ച് പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പിന്മാറാതിരുന്നതിനുള്ള അംഗീകാരമാണ് നിലവിലെ നേട്ടമെന്നാണ് സിദ്ദാര്‍ത്ഥ് പ്രാദേശിക മാധ്യമങ്ങളോട് വിശദമാക്കുന്നത്. ഇന്ത്യന്‍ ഒളിംപിക് അസോസിയേഷനും ഈ ഇനത്തിന് അംഗീകാരം നല്‍കിയിട്ടുണ്ട്. 69 കിലോ കാറ്റഗറിയിലാണ് സിദ്ദാര്‍ത്ഥ് മത്സരിക്കുന്നത്. രാജ്യത്തിന് വേണ്ടി മെഡല്‍ നേടുന്നതിനായി പരമാവധി ശ്രമിക്കുമെന്ന് സിദ്ദാര്‍ത്ഥ് പ്രതികരിക്കുന്നു. ഏഷ്യന്‍ ഗെയിംസോ ഒളിംപിക്സോ പോലുള്ള വേദികളില്‍ അവസരം ലഭിക്കാത്തത് ജിയു ജിറ്റ്സു പോലുള്ള കായിക ഇനങ്ങളിലുള്ള കായിക താരങ്ങളെ നിരുല്‍സാഹപ്പെടുത്താറുണ്ട്.

എന്നാല്‍ ഇത്തവണ എല്ലാവര്‍ക്കും പുതിയ പ്രതീക്ഷകളാണ് ഉളളതെന്നാണ് സിദ്ദാര്‍ത്ഥ് പറയുന്നത്. ഹല്‍ദ്വാനിയില്‍ വച്ച് കഴിഞ്ഞ ആഴ്ചയില്‍ നടന്ന മത്സരത്തിലാണ് ഏഷ്യന്‍ ഗെയിംസ് യോഗ്യത സിദ്ദാര്‍ത്ഥ് നേടിയത്. ഈ ഇനത്തില്‍ ദേശീയ തല ജേതാവ് കൂടിയാണ് സിദ്ദാര്‍ത്ഥ്. ഏഷ്യന്‍ ഗെയിംസ് തന്‍റെ അവസാന മത്സര വേദിയാവുമെന്നും താരം പറയുന്നു. ഭാവി താരങ്ങളെ കണ്ടെത്താനായി പരിശീലന രംഗത്തേക്ക് തിരിയാനാണ് സിദ്ദാര്‍ത്ഥ് ശ്രമിക്കുന്നത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

 

Follow Us:
Download App:
  • android
  • ios