Asianet News MalayalamAsianet News Malayalam

Jimmy George : ഓര്‍മ്മകളില്‍ ജിമ്മി ജോർജ്; വോളിബോളിലെ ഇടിമുഴക്കം നിലച്ചിട്ട് 34 വർഷം

ഇറ്റലിയില്‍ വച്ച് 1987 നവംബ‍ർ 30ന് നടന്ന കാറപകടത്തിലാണ് മുപ്പത്തിരണ്ടാം വയസിൽ ജിമ്മി ജോര്‍ജ് വിടവാങ്ങിയത് 
 

Indian Volleyball legend Jimmy George 34th death anniversary today 30 November
Author
Kannur, First Published Nov 30, 2021, 11:29 AM IST

കണ്ണൂര്‍: ഇന്ത്യൻ വോളിബോൾ(Volleyball) ഇതിഹാസം ജിമ്മി ജോർജ്(Jimmy George) ഓർമ്മയായിട്ട് ഇന്നേക്ക് 34 വർഷം. കണ്ണൂർ പേരാവൂരിലെ(Peravoor) ഗ്രാമത്തിൽ നിന്ന് സ്‌മാഷുകൾ ഉതിർത്ത് തുടങ്ങിയ ജിമ്മി ജോർജ് അതിരുകളും ആകാശങ്ങളും ഭേദിച്ച് യൂറോപ്യൻ ലീഗ് വരെ എത്തിയാണ് ഇന്ത്യൻ വോളിയുടെ ലോക മുഖമായത്. ലോകത്തിലെ ഏറ്റവും മികച്ച 10 സ്പൈക്കർമാരിൽ ഒരാളായ ജിമ്മി ജോർജ് 1987 നവംബ‍ർ 30ന് ഇറ്റലിയില്‍ നടന്നൊരു കാറപകടത്തില്‍ അപ്രതീക്ഷിതമായി മുപ്പത്തിരണ്ടാം വയസിൽ വിടവാങ്ങുകയായിരുന്നു. 

കണ്ണൂരിലെ പേരാവൂരില്‍ വോളിബോള്‍ കുടുംബത്തില്‍ 1955 മാര്‍ച്ച് എട്ടിനായിരുന്നു ജിമ്മിയുടെ ജനനം. പിതാവിന്‍റെ ശിക്ഷണത്തില്‍ സഹോദരങ്ങളോടൊപ്പമായിരുന്നു വോളിബോളിലെ ബാലപാഠങ്ങള്‍ അഭ്യസിച്ചത്. പിന്നീടങ്ങോട്ട് ഇന്ത്യന്‍ കായിക ചരിത്രത്തിലെ ഇതിഹാസങ്ങളിലൊരാളായി ജിമ്മി വളര്‍ന്നു. 21-ാം വയസില്‍ അര്‍ജുന അവാര്‍ഡ് നേടിയ പ്രായം കുറഞ്ഞ വോളിബോള്‍ താരമായി മാറിയ ജിമ്മി യൂറോപ്യന്‍ പ്രഫഷണല്‍ വോളിബോളില്‍ കുപ്പായമണിഞ്ഞ ആദ്യ ഇന്ത്യന്‍ താരമാണ്. 

1970ല്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി താരമായ ജിമ്മി പിന്നീട് പാല സെയ്ന്‍റ് തോമസ് കോളേജിനൊപ്പം കളിച്ചു. പ്രതിനിധീകരിച്ച നാല് തവണയും കേരള യുണിവേഴ്സിറ്റിക്ക് അന്തര്‍ സര്‍വ്വകലാശാല കിരീടം നേടിക്കൊടുത്തു. 1971ല്‍ പതിനാറാം വയസില്‍ കേരള ടീമില്‍ അംഗമായ ജിമ്മി തുടര്‍ച്ചയായ 11 വര്‍ഷങ്ങളില്‍ കേരള ജേഴ്‌സിയണിഞ്ഞു. 

1976ല്‍ കേരള പൊലീസില്‍ അംഗമായ ജിമ്മി മരിക്കും വരെ ആ ടീമിലംഗമായിരുന്നു. എന്നാല്‍ 79ല്‍ ലീവെടുത്ത് അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കാന്‍ പോയതോടെ ജിമ്മി വോളിബോളിന്‍റെ ആഗോള മുഖമായി. അബുദാബി സ്പോര്‍ട്സ് ക്ലബിനായി കളിക്കവെ അറേബ്യന്‍ നാടുകളിലെ മികച്ച താരമെന്ന് പേരെടുത്തു. 1982ല്‍ ഇറ്റലിയിലേക്ക് ചേക്കേറിയതോടെയാണ് ജിമ്മി ഹെര്‍മീസ് ദേവനായി അറിയപ്പെടാന്‍ തുടങ്ങിയത്. 

1976ല്‍ സോള്‍, 78ലെ ബാങ്കോംങ്, 1986 സോള്‍ ഏഷ്യന്‍ ഗെയിംസുകളില്‍ ജിമ്മി ജോര്‍ജ് ഇന്ത്യയെ പ്രതിനിധീകരിച്ചു. ഇന്ത്യ വെങ്കലം നേടിയ 1986ലെ സോള്‍ ഏഷ്യന്‍ ഗെയിംസില്‍ ടീമിന്‍റെ നേട്ടത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചു. 10-ാം നമ്പര്‍ ജേഴ്സിയില്‍ കായിക ചരിത്രത്തിന്‍റെ പ്രൗഡിക്കൊപ്പം കളംവാണ ജിമ്മി 80കളില്‍ ലോകത്തെ മികച്ച അറ്റാക്കര്‍മാരില്‍ ഒരാളായിരുന്നു. 

IND vs NZ | ശ്രേയസ് അയ്യരെ തഴയാനാവില്ല; അജിങ്ക്യ രഹാനെ പുറത്തേക്ക്? മുംബൈ ടെസ്റ്റിലെ സാധ്യതകള്‍

Follow Us:
Download App:
  • android
  • ios