ആദ്യ ക്വാര്‍ട്ടറിന്‍റെ അവസാന മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് എറിക് ക്ലൈന്‍ലീനിലൂടെ ജര്‍മനി മുന്നിലെത്തി. രണ്ടാം പകുതിയുടെ മധ്യത്തില്‍ മൂന്ന് മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് ജര്‍മനി ജയമുറപ്പിച്ചു.

ഭുവനേശ്വര്‍: ജൂനിയര്‍ ഹോക്കി ലോകകപ്പില്‍(Junior Hockey World Cup) നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യയെ(India) തകര്‍ത്ത് ജര്‍മനി(Germany) ഫൈനലില്‍. രണ്ടിനെതിരെ നാലു ഗോളുകള്‍ക്കായിരുന്നു ജര്‍മനിയുടെ ജയം. ഞായറാഴ്ച നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ അര്‍ജന്‍റീനയാണ്(Argentina) ജര്‍മനിയുടെ എതിരാളികള്‍. മൂന്നാം സ്ഥാനത്തിനായള്ള മത്സരത്തില്‍ ഇന്ത്യ ഫ്രാന്‍സിനെ(France) നേരിടും.

ആദ്യ ക്വാര്‍ട്ടറിന്‍റെ അവസാന മിനിറ്റില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് എറിക് ക്ലൈന്‍ലീനിലൂടെ ജര്‍മനി മുന്നിലെത്തി. രണ്ടാം പകുതിയുടെ മധ്യത്തില്‍ മൂന്ന് മിനിറ്റിനിടെ മൂന്ന് ഗോളടിച്ച് ജര്‍മനി ജയമുറപ്പിച്ചു. രണ്ടാം ക്വാര്‍ട്ടറില്‍ ഹോള്‍മുള്ളറിലൂടെ ലീഡ് രണ്ടാക്കി ഉയര്‍ത്തിയ ജര്‍മനി അധികം വൈകാതെ ക്യാപ്റ്റന്‍ മുള്ളറിലൂടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

പ്രത്യാക്രമണത്തില്‍ ഉത്തം സിംഗിലൂടെ ഒരു ഗോള്‍ മടക്കി ഇന്ത്യ പ്രതീക്ഷ കാത്തെങ്കിലും തൊട്ടടുത്ത നിമിഷം കുട്ടര്‍ ജര്‍മനിയുടെ നാലാം ഗോളും നേടി ഫൈനല്‍ ബര്‍ത്തുറപ്പിച്ചു. മൂന്നാം ക്വാര്‍ട്ടറില്‍ ഇരു ടീമുകള്‍ക്കും നിരവധി അവസരം ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കാനായില്ല. അവസാന ക്വാര്‍ട്ടറിന്‍റെ അവസാന നിമിഷം ബോബി സിംഗ് ധാമിയിലൂടെ ഒരു ഗോള്‍ കൂടി മടക്കി ഇന്ത്യ തോല്‍വി ഭാരം കുറച്ചു.

നേരത്തെ നടന്ന ആദ്യ സെമി ഫൈനലില്‍ ഫ്രാന്‍സിനെ വീഴ്ത്തിയാണ് അര്‍ജന്റീന ഫൈനല്‍ ടിക്കറ്റെടുത്തത്. പെനല്‍റ്റി ഷൂട്ടൗട്ടില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു അര്‍ജന്‍റീനയുടെ ജയം.