ലണ്ടന്‍: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ സൈനാ നെഹ്‌വാളിനോട് ദേഷ്യപ്പെട്ട് ഭര്‍ത്താവും ബാഡ്മിന്റണ്‍ താരവുമായ പി.കശ്യപ്. ക്വാര്‍ട്ടറില്‍ തയ്‌വാന്റെ ലോക ഒന്നാം നമ്പര്‍ താരം തായ് സു യിംഗിനോട് സൈന തോറ്റ് പുറത്തായിരുന്നു.

മത്സരത്തില്‍ നേരിട്ടുള്ള ഗെയിമുകളിലായിരുന്നു സൈനയുടെ തോല്‍വി. സ്കോര്‍ 15-21, 19-21. ആദ്യ ഗെയിമില്‍ സൈന 3-11ന് പിന്നില്‍ നില്‍ക്കുമ്പോഴാണ് കശ്യപ്, സൈനയോട് ദേഷ്യപ്പെടത്. ദുര്‍ബലമായ ഷോട്ടുകള്‍ കളിച്ച് സൈന പോയന്റുകള്‍ നഷ്ടമാക്കിയതാണ് കശ്യപിനെ ദേഷ്യം പിടിപ്പിച്ചത്. കളി ജയിക്കണമെന്നുണ്ടെങ്കില്‍ അച്ചടക്കത്തോടെ കളിക്കണം. വിവേകശൂന്യമായ ഷോട്ടുകളാണ് നീ കളിക്കുന്നത്. മത്സരത്തിലെ ബ്രേക്ക് സമയത്ത് കശ്യപ് സൈനയോട് പറഞ്ഞു.

എന്തായാലും കശ്യപ് ദേഷ്യപ്പെട്ടതിന് ഗുണമുണ്ടായി. 3-11ന് പിന്നില്‍ നിന്ന സൈന പിന്നീട് ശക്തമായി തിരിച്ചടിച്ച് സ്കോര്‍ 12-14ല്‍ എത്തിച്ചു. എന്നാല്‍ ശക്തമായി തിരിച്ചടിച്ച തായ് സു ആദ്യ ഗെയിം സ്വന്തമാക്കി. ആദ്യ ഗെയിമിനുശേഷവും സൈനയ്ക്ക് ഉപദേശവുമായി കശ്യപ് എത്തി. ആദ്യ ഷട്ടില്‍ കണ്‍ട്രോള്‍ ചെയ്യു, എന്നിട്ട് ഷോട്ട് കളിക്കു, ആദ്യ ഗെയിമിന്റെ അവസാനം ചെയ്തതുപോലെ. ഡ്രോപ് ഷോട്ടുകള്‍ ഉയര്‍ത്തി അടിച്ച് നീ നിന്റെ കോര്‍ട്ട് ഒഴിച്ചിടുകയാണ്-ഇടവേളയില്‍ കശ്യപ് പറഞ്ഞു.

രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ കശ്യപിന്റെ ഉപദേശം സൈനയെ തുണച്ചു. തുടക്കത്തില്‍ 8-3ന്റെ ലീഡെഡുത്ത സൈന പക്ഷെ പിന്നീട് മത്സരം കൈവിട്ടു. കഴിഞ്ഞവര്‍ഷം ഡിസംബറിലായിരുന്നു കശ്യപിന്റെയും സൈനയുടെയവം വിവാഹം.