കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയ്‌ക്ക് ശേഷം പാലക്കാട് തോലന്നൂരിലെ വീട്ടിലേക്ക് എത്തുക രണ്ട് മെഡലുകൾ. 3000 മീറ്ററിൽ മത്സരിച്ച അരുണും അഖിലുമാണ് മെഡലുമായി കണ്ണൂരിൽ നിന്ന് മടങ്ങുക. പറളി എച്ച്എസ്എസിലെ വിദ്യാര്‍ഥികളാണ് ഈ സഹോദരങ്ങൾ. 

മേളയില്‍ 3000 മീറ്റർ സീനിയർ വിഭാഗത്തിൽ അഖിൽ മൂന്നാമതായി ഫിനിഷ് ചെയ്‌‌തു. 3000 മീറ്റർ ജൂനിയർ വിഭാഗത്തിൽ അനിയൻ അരുണിന് രണ്ടാംസ്ഥാനം. തോലന്നൂരിലെ കൃഷ്ണന്റെയും പ്രസന്നയുടെ മക്കളാണിവർ. കൂലിപ്പണിക്കാരായ അച്ഛനും അമ്മയ്ക്കും നൽകുന്ന സമ്മാനമാണ് ഈ നേട്ടമെന്ന് ഇരുവരും പറയുന്നു. 

അരുണിന്റെ അദ്യ സ്‌കൂൾ മീറ്റാണിത്. അഖിൽ പാലായിൽ നടന്ന കായികമേളയിലും 3000 മീറ്ററിൽ മൂന്നാമതായിരുന്നു. വരും ദിവസങ്ങളിൽ 1500 മീറ്ററിൽ മെഡൽ നേട്ടം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയിലാണ് ഇരുവരും.