കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആദ്യ ദിനം ആൻസി സോജന്‍ മിന്നും താരം. ലോംഗ്‌ജംപിൽ ദേശീയ റെക്കോർഡ് മറികടന്ന പ്രകടനത്തോടെ ആന്‍സി ഏഷ്യാനെറ്റ് ന്യൂസ് സ്റ്റാർ ഓഫ് ദ ഡേ പുരസ്‌കാരം സ്വന്തമാക്കി. ഒളിംപ്യൻ ടിന്റു ലൂക്ക ക്യാഷ് അവാർഡും ട്രോഫിയും ആന്‍സിക്ക് സമ്മാനിച്ചു. തൃശൂർ നാട്ടിക ഫിഷറീസ് വിദ്യാര്‍ഥിയാണ് ആൻസി. 

പരിക്ക് വകവെക്കാതെ ആദ്യം മീറ്റ് റെക്കോർഡും പിന്നീട് ദേശീയ റെക്കോർഡും വീഴ്‌ത്തിയ പ്രകടനം കൊണ്ട് ആവേശം നിറച്ചാണ് സീനിയർ പെണ്‍കുട്ടികളുടെ ലോംഗ്‌ജംപിൽ നാട്ടിക ഫിഷറീസ് എച്ച്എസ്എസിലെ ആൻസി സോജന്റെ സ്വർണ നേട്ടം. കഴിഞ്ഞ വർഷം തന്നെ പുറകിലാക്കി ചാമ്പ്യനായ കടകശ്ശേരി സ്‌കൂളിലെ പ്രഭാവതിയുടെ കടുത്ത മത്സരം നേരിട്ടാണ് വിജയം. ലോംഗ്‌ജംപ് സ്വർണ നേട്ടത്തോടെ ആന്‍സിക്ക് ഈ മീറ്റ് മധുര പ്രതികാരത്തിന്റേത് കൂടിയായി.

സംസ്ഥാന സ്‌കൂൾ കായികമേളയിൽ കിരീടപ്പോരാട്ടം ശക്തമാകുമെന്ന സൂചനയാണ് ആദ്യ ദിനം നൽകുന്നത്. ശനിയാഴ്‌ച മൂന്ന് മീറ്റ് റെക്കോർഡുകൾ പിറന്നു. നാളെയാണ് 100 മീറ്റർ മത്സരങ്ങൾ.