കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ജൂനിയർ ആൺകുട്ടികളുടെ ജാവലിൻ ത്രോയിൽ പത്തനംതിട്ടയുടെ വിജയ് ബിനോയി സ്വർണം നേടിയത് വേദന കടിച്ചമർത്തി. പാലായിൽ നടന്ന ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ വിജയ്‌യുടെ കൈക്കേറ്റ പരുക്ക് ഇപ്പോഴും ഭേദമായിട്ടില്ല.

അവസാനവട്ട ശ്രമത്തിൽ 49.39 മീറ്റർ ദൂരം കണ്ടെത്തിയാണ് വിജയ് ബിനോയിയുടെ വിജയം. പത്തനംതിട്ട ഇരവിപേരൂർ സെന്റ്. ജോൺസ് എച്ച്എസ്‌എസിലെ പത്താം ക്ലാസുകാരനാണ് വിജയ്. സ്വർണനേട്ടത്തിലേക്ക് എത്തുമ്പോൾ വിജയുടെ കൈകൾ വേദന കൊണ്ട് പുളയുകയായിരുന്നു.

വേദന വകവെയ്‌ക്കാതെ സബ് ജില്ലാ, റവന്യൂ മേളകളിൽ പങ്കെടുത്ത് ഒന്നാം സ്ഥാനം. വേദന കടുത്തതോടെ സംസ്ഥാന മീറ്റിൽ പങ്കെടുക്കേണ്ടെന്ന് ഡോക്‌ടര്‍ നിർദേശിച്ചു. എന്നാല്‍, ആ നിർദേശം പോലും കാര്യമാക്കാതെ എത്തിയ വിജയ്‌ സംസ്ഥാന സ്‌കൂൾ മീറ്റിലെ ആദ്യ സ്വർണമാണ് സ്വന്തമാക്കിയത്. 51 മീറ്റർ വരെ എറിഞ്ഞിട്ടുള്ള വിജയ്‌ക്ക് ആ ദൂരം കണ്ടെത്താനാവാത്തതിൽ മാത്രമാണ് നേരിയ വേദന.