മോസ്കോ: ലോക ചാംപ്യന്‍ഷിപ്പ് സെമിയിലെ റഫറീയിംഗിനെതിരായ അതൃപ്തി പരസ്യമാക്കി മേരി കോം. എങ്ങനെയാണ് താന്‍ സെമിയിൽ തോറ്റത് എന്നായിരുന്നു ട്വിറ്ററില്‍ മേരി കോമിന്‍റെ ചോദ്യം. സെമിയിലെ വിധിനിര്‍ണയം ശരിയോ, തെറ്റോ എന്ന് ലോകം വിലയിരുത്തട്ടേയെന്നും മേരി കോം അഭിപ്രായപ്പെട്ടു.

സെമിയിൽ രണ്ടാം സീഡായ തുര്‍ക്കി താരം , ബുസെനാസ് ചകിറോഗ്ലു ആണ് മേരി കോമിനെ തോൽപ്പിച്ചത്. 4-1 എന്ന നിലയിലായിരുന്നു ജഡ്ജസിന്‍റെ വിധിനിര്‍ണയം. ആദ്യ റൗണ്ട് മുതൽ മികച്ച പഞ്ചുകളുമായി മേരി മേധാവിത്വം പുലര്‍ത്തിയെങ്കിലും , ജഡ്ജസിന്‍റെ തീരുമാനം എതിരാളിക്ക് അനുകൂലമായി.

മത്സരഫലം പ്രഖ്യാപിച്ചപ്പോള്‍, അത്ഭുതം പ്രകടിപ്പിച്ച മേരി കോം, അപ്പീല്‍ നൽകിയെങ്കിലും, അധികൃതര്‍ തള്ളി. തോറ്റെങ്കിലും, ലോക ചാംപ്യന്‍ഷിപ്പില്‍ എട്ട് മെഡൽ നേടുന്ന ആദ്യ ബോക്സിംഗ് താരമെന്ന നേട്ടം മേരി കോം സ്വന്തമാക്കി. 6 സ്വര്‍ണവും ഒരു വെള്ളിയുമാണ് ഇതിനുമുന്‍പ് മേരി കോം നേടിയത്