ലണ്ടന്‍: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ്ജ് ഫ്ലോയ്ഡ് പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ലോകമെങ്ങും പടര്‍ന്ന വര്‍ണവിവേചനത്തിനെതിരായ പോരാട്ടം ഏറ്റെടുത്ത് കാറോട്ട മത്സരമായ ഫോര്‍മുല വണ്ണിലെ പ്രമുഖ ടീം മെഴ്സിഡസ്. ബ്ലാക്ക് ലൈവ്സ് മാറ്റര്‍ പ്രതിഷേധത്തിന് പിന്തുണയുമായി ഫോര്‍മുല വണ്ണിലെ മെഴ്സിഡസ്-എഎംജി പെട്രോണാസ് ടീം ഈ സീസണില്‍ തങ്ങളുടെ വാഹനങ്ങള്‍ക്കെല്ലാം കറുപ്പ് നിറം നല്‍കും.

മെഴ്സിഡസിന് പുറമെ ലോക ചാമ്പ്യനായ ലൂയിസ് ഹാമില്‍ട്ടണും വാള്‍ട്ടേരി ബോട്ടാസും ഫോര്‍മുല വണ്ണില്‍ തങ്ങളുടെ വാഹനങ്ങള്‍ക്ക് കറുപ്പ് നിറം നല്‍കുമെന്ന് മെഴ്സിഡസ് ടീം പ്രിന്‍സിപ്പല്‍ ടോട്ടോ വോള്‍ഫ് പറഞ്ഞു. കാറിന്റെ നിറം മാറ്റുന്നതിന് പുറമെ ഹാമില്‍ട്ടണും ബോട്ടാസും പൂര്‍ണമായും കറുപ്പ് വസ്ത്രങ്ങളണിഞ്ഞും കറുപ്പ് ഹെല്‍മറ്റ് ധരിച്ചുമാവും മത്സരത്തില്‍ പങ്കെടുക്കുക. ജൂലൈ മൂന്ന് മുതല്‍ ഓസ്ടട്രിയയിലാണ് ഈ വര്‍ഷത്തെ ഫോര്‍മുല വണ്‍ സീസണ്‍ ആരംഭിക്കുന്നത്.

കൂടുതല്‍ കറുത്തവര്‍ഗ്ഗക്കാരെ മോട്ടോര്‍ സ്പോര്‍ട്സിലേക്ക് ആകര്‍ഷിക്കുന്നതിനുള്ള സഹായങ്ങള്‍ക്കായി ലൂയിസ് ഹാമില്‍ട്ടണ്‍ ഒരു കമ്മീഷനെയും നിയോഗിച്ചിട്ടുണ്ട്. കൊവിഡ് 19 മഹാമാരിയെത്തുടര്‍ന്ന് മാര്‍ച്ചില്‍ നിര്‍ത്തിവെച്ച ഫോര്‍മുല വണ്‍ മത്സരങ്ങള്‍ ജൂലൈ മൂന്നു മുതല്‍ സജീവമാവും. തുടര്‍ച്ചയായ മൂന്ന് ആഴ്ചകളില്‍ വാരാന്ത്യങ്ങളില്‍ മത്സരങ്ങള്‍ നടക്കും.