Asianet News MalayalamAsianet News Malayalam

നീരജ് ചോപ്രയുടെ അടുത്ത മത്സരത്തിന് അരങ്ങൊരുങ്ങി! അര്‍ഷദ് നദീം മത്സരത്തിനില്ല, ആന്‍ഡേഴ്‌സണ്‍ വെല്ലുവിളി

ഒളിംപിക്‌സ് ഫൈനലിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് പരിക്ക് അലട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

neeraj chopra set play in lausanne diamond league
Author
First Published Aug 19, 2024, 1:16 PM IST | Last Updated Aug 19, 2024, 1:16 PM IST

മ്യൂണിക്ക്: ഒളിംപിക്‌സിന് പിന്നാലെ അടുത്ത മത്സരം പ്രഖ്യാപിച്ച് നീരജ് ചോപ്ര. വരുന്ന ലൊസെയ്ന്‍ ഡയമണ്ട് ലീഗില്‍ മത്സരിക്കുമെന്നാണ് നീരജ് ചോപ്ര അറിയിച്ചത്. കൈ അകലെ സ്വര്‍ണം നഷ്ടമായെങ്കിലും പാരിസ് ഒളിംപിക്‌സില്‍ ചരിത്രം കുറിച്ചാണ് നീരജ് ചോപ്ര നാട്ടിലെത്തിയത്. തുടര്‍ച്ചയായ രണ്ട് ഒളിംപിക്‌സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം. ഇപ്പോളിതാ ഈ മാസം 22ന് നടക്കുന്ന ലൊസാനെ ഡയമണ്ട് ലീഗില്‍ പങ്കെടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ജാവലിന്‍ താരം.

ഒളിംപിക്‌സ് ഫൈനലിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് പരിക്ക് അലട്ടുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ താരം സ്വിസര്‍ലന്റില്‍ പരിശീലനം നടത്തുന്നതായാണ് വിവരം. ഡയമണ്ട് ലീഗ് അധികൃതര്‍ ആദ്യം പുറത്തുവിട്ട മത്സരക്രമത്തില്‍ നീരജിന്റെ പേരുണ്ടായിരുന്നില്ല. നീരജ് സന്നദ്ധത അറിയിച്ചതോടെ ഇന്ത്യന്‍ താരത്തെ ഉള്‍പ്പെടുത്തി പുതിയ പട്ടിക തയ്യാറാക്കും. പാരിസ് ഒളിംപിക്‌സില്‍ വെങ്കല മെഡല്‍ നേടിയ ആന്‍ഡേഴ്‌സണ്‍ പീറ്റേഴ്‌സ്, ജാക്കുബ് വാദ്‌ലെച്ച് എന്നിവര്‍ മത്സരിക്കാന്‍ പേര് നല്‍കിയിട്ടുണ്ട്. ഒളിംപിക്‌സില്‍ സ്വര്‍ണ മെഡല്‍ നേടിയ പാക് താരം അര്‍ഷദ് നദീം ലിസ്റ്റിലില്ല. ഒളിംപിക്‌സ് ഫൈനലില്‍ 89.45 മീറ്റര്‍ ദൂരം എറിഞ്ഞാണ് നീരജ് വെള്ളി മെഡല്‍ നേടിയത്.

യൂത്ത് ഒളിംപിക്‌സിലും ക്രിക്കറ്റ് മത്സരയിനമാക്കും! ഐസിസിയും ഒളിംപിക് കമ്മിറ്റിയും ചര്‍ച്ച തുടങ്ങി

അതേസമയം, പരസ്യങ്ങള്‍ക്കുള്ള പ്രതിഫലം വര്‍ധിപ്പിച്ച് നീരജ്. ഒന്നരക്കോടി രൂപയാണ് നീരജ് പ്രതിഫലത്തില്‍ വര്‍ധിപ്പിച്ചത്. തുടര്‍ച്ചയായി രണ്ടാം ഒളിംപിക്സിലും മെഡല്‍ സ്വന്തമാക്കിയതോടെ നീരജിന്റെ പരസ്യ വരുമാനവും കുത്തനെ ഉയര്‍ന്നു. നിലവില്‍ മൂന്നുകോടി രൂപയാണ് ഓരോ പരസ്യബ്രാന്‍ഡുകള്‍ക്കായി നീരജ് പ്രതിഫലം പറ്റുന്നത്. ഇത് നാലരക്കോടി രൂപയായി ഉയര്‍ത്തി. ക്രിക്കറ്റ് താരങ്ങള്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പരസ്യവരുമാനമുള്ള കായികതാരവും നീരജാണ്. 

21 ബ്രാന്‍ഡുകളുമായാണ് നീരജിന് പരസ്യ കരാറുള്ളത്. പാരീസിലെ മെഡല്‍ നേട്ടത്തോടെ എട്ട് കമ്പനികളുമായി നീരജ് ഉടന്‍ പരസ്യ കരാറിലെത്തും. ഈവര്‍ഷം അവസാനിക്കും മുന്നേ നീരജ് 34 കന്പനികളുമായി കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ പരസ്യവരുമാനത്തില്‍ ക്രിക്കറ്റിലെ പലതാരങ്ങളെയും മറികടക്കാന്‍ നീരജിനാവും.

Latest Videos
Follow Us:
Download App:
  • android
  • ios