ബെൽഗ്രേഡ്: ലോക ഒന്നാം നമ്പർ ടെന്നീസ് താരം നൊവാക് ​ജോക്കോവിച്ചിന്‍റെ പരിശീലകനും മുൻ താരവുമായ ഗൊരാൻ ഇവാനിസെവിച്ചിനും കൊവിഡ്. ആദ്യ രണ്ട് പരിശോധനയിലും നെഗറ്റീവായ തനിക്ക്​ മൂന്നാമത്തെ പരിശോധനയിൽ കൊവിഡ്​സ്ഥിരീകരിച്ചതായി ഇവാനിസെവിച്ച് ഇൻസ്റ്റഗ്രാമിൽ അറിയിച്ചു. 

ജോകോവിച്ചിനും ഭാര്യക്കും ചൊവ്വാഴ്‌ച കൊവിഡ്​സ്ഥിരീകരിച്ചിരുന്നു. സെര്‍ബിയയിലും ക്രൊയേഷ്യയിലുമായി ജോക്കോവിച്ച് തന്നെ സംഘടിപ്പിച്ച ചാരിറ്റി ടൂര്‍ണമെന്റില്‍ പങ്കെടുത്ത് മടങ്ങിയ താരത്തെ പരിശോധനകള്‍ക്ക് വിധേയനാക്കിയപ്പോഴാണ് കൊവിഡ് പോസറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്. ബല്‍ഗ്രേഡിലെ പ്രദര്‍ശന മത്സരത്തില്‍ കളിച്ചതിന് പിന്നാലെ കൊവിഡ് സ്ഥിരീകരിക്കുന്ന നാലാമത്തെ ടെന്നീസ് താരമാണ് ജോക്കോവിച്ച്.

ബല്‍‍ഗ്രേഡിലെത്തിയപ്പോഴാണ് കൊവിഡ് പരിശോധനകള്‍ക്ക് വിധേയനായതെന്നും തന്റെയും ഭാര്യ ജലേനയുടെയും പരിശോധനാഫലം പൊസറ്റീവാണെന്നും എന്നാല്‍ മക്കളുടെ പരിശോധനാ ഫലം നെഗറ്റീവാണെന്നും ജോക്കോവിച്ച് പ്രസ്താവനയില്‍ വ്യക്തമാക്കി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഒരുമയുടെ സന്ദേശം പകരാനും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പണം കണ്ടെത്താനുമായാണ് ജോക്കോവിച്ച് പ്രദര്‍ശന മത്സരം സംഘടിപ്പിച്ചത്.