ലണ്ടന്‍: കോര്‍ട്ടിലും പുറത്തും വ്യത്യസ്തനാണ് നൊവാക് ജോക്കോവിച്ച്. ടെന്നീസ് കോര്‍ട്ടില്‍ സഹതാരങ്ങളെ അനുകരിച്ച് കാണികളെ ചിരിപ്പിക്കാറുള്ള ജോക്കോ ഇത്തവണ അനുകരിക്കാനായി തെരഞ്ഞെടുത്തത് ടെന്നീസില്‍ നിന്നുള്ള ആരെയുമല്ല. ഫുട്ബോള്‍ സൂപ്പര്‍ താരം സാക്ഷാല്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ആണ്.

ഗോളടിച്ച ശേഷമുള്ള റൊണാള്‍ഡോയുടെ വിജയാഘോഷം അനുകരിച്ചാണ് ജോക്കോ ഇത്തവണ ആരാധകരെ കൈയിലെടുത്തത്. സമൂഹമാധ്യമങ്ങളില്‍ അപൂര്‍വമായി മാത്രം പ്രതികരിക്കാറുള്ള റൊണാള്‍ഡോക്ക് പോലും ജോക്കോയുടെ പ്രകടനം കണ്ട് പ്രതികരിക്കാതിരിക്കാനായില്ല എന്നതാണ് രസകരം. ജോക്കോയുടെ അനുകരണത്തിന് മോശമല്ല ബ്രോ എന്നായിരുന്നു റൊണാള്‍ഡോയുടെ കമന്‍റ്.

മുമ്പ് പന്ത് ഹെഡ്ഡ് ചെയ്യാനായുള്ള റൊണാള്‍ഡോയുടെ പ്രശസ്തമായ ചാട്ടം റൊണാള്‍ഡോക്കൊപ്പം തന്നെ അനുകരിക്കാനും ജോക്കോ ശ്രമിച്ചിട്ടുണ്ട്. ജോക്കോയെ ചാടാന്‍ പഠിപ്പിക്കുന്നു എന്ന അടിക്കുറിപ്പോടെ റൊണാള്‍ഡോ ഈ വീഡിയോ ആരാധകരുമായി പങ്കുവെക്കുകയും ചെയ്തിരുന്നു. എടിപി ടൂര്‍സ് ഫൈനല്‍സിനായി ലണ്ടനിലാണ് ഇപ്പോള്‍ ജോക്കോവിച്ച്.