പാരീസ്: ഫ്രഞ്ച് ഓപ്പണ്‍ പുരുഷ വിഭാഗം ഫൈനലില്‍ നിലവിലെ ചാംപ്യനായ റാഫേല്‍ നദാല്‍ സെര്‍ബിയന്‍ താരം നൊവാക് ജോക്കോവിച്ചിനെ നേരിടും. ഗ്രീക്ക് താരം സ്‌റ്റെഫാനോസിനെതിരെ അഞ്ച് സെറ്റ് നീണ്ട പോരാട്ടം അതിജീവിച്ചാണ് ജോക്കോവിച്ച് ഫൈനലിനെത്തിയത്. നദാല്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് അര്‍ജന്റീനയുടെ ഡിയേഗോ ഷ്വാര്‍ട്‌സ്മാനെ മറികടന്നു. 

അനായാസം ജോക്കോവിച്ച് ജയിക്കുമെന്ന് തോന്നിച്ച മത്സരമാണ് സിറ്റ്‌സിപാസ് അഞ്ചാം സെറ്റിലേക്ക് കൊണ്ടുപോയത്. സ്‌കോര്‍ 6-3, 6-2, 5-7, 4-6, 6-1. ആദ്യ രണ്ട് സെറ്റും അനായാസം ജോക്കോ സ്വന്തമാക്കി. മൂന്നാം സെറ്റില്‍ മാച്ച് പോയിന്റിന് വേണ്ടിയുള്ള സെര്‍വില്‍ സിറ്റ്‌സിപാസ് തിരിച്ചെത്തി. സെര്‍വ് ബ്രേക്ക് ചെയ്ത 22കാരന്‍ 5-7ന് സെറ്റ് സ്വന്തമാക്കി. 

പിന്നാലെ നാലാം സെറ്റിലും ജോക്കോവിച്ചിന് ഒരവസരവും ലഭിച്ചില്ല. എന്നാല്‍ നിര്‍ണായകമായ അവസാന സെറ്റില്‍ യുവതാരത്തിന് അതേ പ്രകടനം പുറത്തെടുക്കാനായില്ല. ലോക ഒന്നാംനമ്പറുകാരന്റെ പരിചയസമ്പത്തിന് മുന്നില്‍ സിറ്റ്‌സിപാസ് കീഴടങ്ങി. 

തുടര്‍ച്ചയായ നാലാം ഫ്രഞ്ച് ഓപ്പണ്‍ ലക്ഷ്യമിടുന്ന നദാല്‍ 3-6, 3-6, 6-7നാണ് ഷ്വാര്‍ട്‌സമാനെ തകര്‍ത്തത്. ഫൈനലില്‍ ജോക്കോവിച്ചിനെ തോല്‍പ്പിക്കാനാല്‍ 20 ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളെന്ന റോജര്‍ ഫെഡററുടെ റെക്കോഡിനൊപ്പമെത്താന്‍ നദാലിന് സാധിക്കും. വനിതാ ഫൈനലില്‍ ഇന്ന് ഇഗ സ്വിയറ്റക് നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേതാവ് സോഫിയ കെനിനെ നേരിടും. വൈകിട്ട് 6.30നാ്ണ് മത്സരം.