ടോക്കിയോ: ഒളിംപിക്‌സ് ബാഡ്മിന്റണ്‍ യോഗ്യത പരമ്പരയിലെ അവസാന അഞ്ച് ടൂര്‍ണമെന്റുകളും റദ്ദാക്കി. കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജ്യാന്തര ബാഡ്മിന്റണ്‍ ഫെഡറേഷന്റെ തീരുമാനം. ക്രൊയേഷ്യന്‍ ഇന്റര്‍നാഷണല്‍, പെറു ഇന്റര്‍നാഷണല്‍, യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പ് , ഏഷ്യ ചാംപ്യന്‍ഷിപ്പ് , ഗ്വാട്ടിമാലയിലെ പാന്‍ ആം ചാംപ്യന്‍ഷിപ്പ് എന്നിവയാണ് റദ്ദാക്കിയത്.

ഏപ്രില്‍ 12 വരെയുള്ള മത്സരങ്ങള്‍ നേരത്തെ റദ്ദാക്കിയിരുന്നു. വൈറസ് വ്യാപനത്തിനിടയിലും ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ നടത്തിയത് കടുത്ത ഭാഷയില്‍ വിമര്‍ശിക്കപ്പെട്ടിരുന്നു. ഒളിംപിക്‌സ് റദ്ദാക്കുന്നത് അജണ്ടയില്‍ ഇല്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡന്റ് തോമസ് ബാഷ് അറിയിച്ചിരുന്നു. അതുകൊണ്ടുതന്നെ ഒളിംപിക്‌സ് യോഗ്യതാ മാനദണ്ഡങ്ങള്‍ പിന്നീട് വ്യക്തമാക്കുമെന്നും ബാഡ്മിന്റണ്‍ വേള്‍ഡ് ഫെഡറേഷന്‍ അറിയിച്ചു.

സാമ്പത്തിക താത്പര്യം അല്ല കായികതാരങ്ങളുടെയും ആരാധകരുടെയും ആരോഗ്യം പരിഗണിച്ചാകും അന്തിമ തീരുമാനം എന്നും ബാഷ് വിശദീകരിച്ചു. ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 9 വരെയാണ് ടോക്കിയോ ഒളിംപിക്‌സ് നിശ്ചയിച്ചിരിക്കുന്നത്. ആശങ്കകള്‍ക്കിടെ ഒളിംപിക്‌സ് ദീപശിഖ ജപ്പാന് കൈമാറിയിരുന്നു.