Asianet News MalayalamAsianet News Malayalam

ചരിത്രത്തിലേക്ക് ഇടിച്ചുകയറി സിന്‍ഡി എന്‍ഗാംബെ; ഒളിംപിക്‌സിൽ അഭയാർഥി ടീമിന് കന്നി മെഡല്‍

ഉദ്ഘാടന ചടങ്ങില്‍ 37 അംഗ അഭയാര്‍ഥി ടീമിനെ നയിച്ച് പതാകയേന്തിയത് സിന്‍ഡി എന്‍ഗാംബെയായിരുന്നു

Paris Olympics 2024 Cindy Ngamba won the Refugee Olympic Team their first ever medal
Author
First Published Aug 9, 2024, 5:27 PM IST | Last Updated Aug 9, 2024, 5:30 PM IST

പാരിസ്: ഒളിംപിക്‌സിൽ ചരിത്രത്തിൽ ആദ്യമായി അഭയാർഥി ടീമിന് മെഡല്‍ തിളക്കം. ബോക്‌സിങ്ങിൽ 75 കിലോ വിഭാഗത്തിലെ വെങ്കല നേട്ടത്തിലൂടെ സിന്‍ഡി എന്‍ഗാംബെയാണ് അഭിമാന താരമായത്.

ഒരു രാജ്യത്തിന്‍റെ മേൽവിലാസമോ, ഉയര്‍ത്തിപ്പിടിക്കാൻ ഒരു പതാകയോ ഇല്ലാതെ ഒളിംപിക്സ് വേദിയിലേക്ക് എത്തിയ സിന്‍ഡി എന്‍ഗാംബെ ഇടിക്കൂട്ടിൽ പൊരുതി നേടിയത് സമാനതകളില്ലാത്ത നേട്ടം. എന്‍ഗാംബെ അഭയാര്‍ഥി ടീമിനായി ആദ്യ ഒളിംപിക് മെഡൽ നേടുന്ന താരമെന്ന ചരിത്രമെഴുതി. ബോക്സിങ്ങിൽ 75 കിലോ വിഭാഗത്തിലാണ് എന്‍ഗാംബെയുടെ ചരിത്ര നേട്ടം. സെമിയിൽ പനാമയുടെ അതീന ബൈലനോട് പരാജയപ്പെട്ടെങ്കിലും വെങ്കല നേട്ടത്തിലൂടെ ഒളിംപിക് ചരിത്രത്തിന്‍റെ പട്ടികയിലേക്ക് എന്‍ഗാംബെ തന്‍റെ പേരും കൂട്ടിച്ചേർത്തു.

Read more: 'നീരജ് ചോപ്ര മകനെപോലെ, അവന് വേണ്ടിയും പ്രാര്‍ഥിച്ചിരുന്നു'; ഹൃദയം കീഴടക്കി അര്‍ഷാദ് നദീമിന്‍റെ അമ്മയും

ഉദ്ഘാടന ചടങ്ങില്‍ സെൻ നദിയിലൂടെ ഒഴുകിയെത്തിയ 37 അംഗ അഭയാര്‍ഥി ടീമിനെ നയിച്ച് പതാകയേന്തിയത് സിന്‍ഡി എന്‍ഗാംബെയായിരുന്നു. പതിനൊന്നാം വയസിലാണ് എന്‍ഗാംബെ കാമറൂണിൽ നിന്ന് ബ്രിട്ടനിലെത്തുന്നത്. പൗരത്വം തെളിയിക്കുന്ന രേഖകള്‍ നഷ്ടമായതിനെ തുടർന്ന് സ്വന്തം രാജ്യത്തിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. സ്വവര്‍ഗാനുരാഗിയെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ബ്രിട്ടന്‍ എന്‍ഗാംബെക്ക് അഭയാര്‍ഥി പദവി നല്‍കി. ജന്മനാടായ കാമറൂണിലാകട്ടെ സ്വവര്‍ഗാ‍നുരാഗം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. ബ്രീട്ടീഷ് ബോക്സിങ് ടീമിനൊപ്പമാണ് എന്‍ഗാംബെയുടെ പരിശീലനം. നിരന്തര പരിശീലനവും കഠിനാധ്വാനവുമാണ് സിന്‍ഡി എന്‍ഗാംബെയെ ഒളിംപിക് റിംഗിലെ ഏറ്റവും മികച്ച പോരാളികളിൽ ഒരാളായി വളർത്തിയത്.

ജീവിതാവസ്ഥകളെപ്പറ്റി ചോദിക്കുമ്പോഴെല്ലാം സിന്‍ഡി എന്‍ഗാംബെയുടെ വാക്കുകൾ ഇങ്ങനെ... 'ഈ ലോകത്തുള്ള 500 കോടി ജനങ്ങളിൽ ഒരാളാണ് ഞാൻ, ലോകമെമ്പാടുമുള്ള എല്ലാ അഭയാർത്ഥികളോടും പറയാനുള്ളത് ഒന്ന് മാത്രം. പരിശ്രമിക്കുക, മനസ് വെച്ചതെന്തും നേടിയെടുക്കാം'... ഈ വാക്കുകളിലെ ആത്മവിശ്വാസം എന്‍ഗാംബെയെ കരിയറില്‍ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കട്ടെ.

Read more: 'ഹോക്കിയിലെത്തിയത് ഗ്രേസ്മാര്‍ക്ക് കൊതിച്ച്, ഓടാന്‍ മടി കാരണം ഗോളിയായി'; ഡികെയെ ചിരിപ്പിച്ച് പി ആര്‍ ശ്രീജേഷ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios