അ‍ർബുദത്തെ അതിജീവിക്കാൻ പോരാടുന്നവർക്ക് മുന്നിൽ വലിയ പ്രതീക്ഷയാവുകയാണ് ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ. 

ഗോവ: അർബുദ രോഗത്തെ അതിജീവിച്ചെന്ന് മാത്രമല്ല തൊട്ടടുത്ത വർഷം തന്നെ അതികഠിനമായൊരു കായിക ഇനമായ അയൺമാനിൽ പങ്കെടുത്ത് വിജയിച്ച ഒരു മലയാളിയുണ്ട് ഗോവയിൽ. വടക്കൻ ഗോവയിലെ എസ്പിയായ നിധിൻ വത്സനാണ് അത്. അ‍ർബുദത്തെ അതിജീവിക്കാൻ പോരാടുന്നവർക്ക് മുന്നിൽ വലിയ പ്രതീക്ഷയാവുകയാണ് ഈ യുവ ഐപിഎസ് ഉദ്യോഗസ്ഥൻ. 

രണ്ട് കിലോമീറ്ററോളം കടലിൽ നീന്തണം, പിന്നീട് ഒരു കിലോമീറ്ററോളം ഓടി സൈക്കിളെടുത്തെത്തി 19 കിലോമീറ്റർ ചവിട്ടണം, അവിടെ നിന്ന് ഇറങ്ങി 21 കിലോമീറ്റർ ഹാഫ് മാരത്തൺ. ഇത്രയും ഒന്നിനു പുറകെ ഒന്നായി ചെയ്ത് തീർക്കാൻ പോരാളികൾക്കെ കഴിയൂ. കോടിയേരി സ്വദേശി നിധിൻ വത്സൻ അത് ചെയ്തു. അതും അർബുദത്തെ പോരാടി തോൽപിച്ച് തൊട്ടടുത്ത വർഷം തന്നെ.

നിധിന്‍ വത്സന്‍റെ രോഗപ്രതിരോധ വ്യവസ്ഥയെയാണ് അർബുദം പിടികൂടിയത്. താങ്ങായി നിന്നവർക്കൊപ്പം ചേർന്ന് മനസിനെ പാകപ്പെടുത്തി. ഒന്നര വർഷം കൊണ്ട് തന്നെ ക്യാന്‍സര്‍ പൂർണമായി ഭേദമായി. അ‍ർബുദത്തെ ചികിത്സിച്ച് മാറ്റുന്നതിൽ രോഗിയുടെ ഇഛാശക്തിയും പ്രധാനമാണെന്ന് ഈ യുവ ഐപിഎസുകാരന്‍ പറയുന്നു. മനസിന് കരുത്തേകിയാൽ ജീവിതത്തിൽ ഇനിയും നേടാൻ ഏറെയുണ്ടെന്ന ഓര്‍മ്മപ്പെടുത്തലാണ് നിധിന്‍ വത്സന്‍ നല്‍കുന്നത്. 2012 ബാച്ചിലെ ഐപിഎസ് ഓഫീസറാണ് നിധിൻ വത്സൻ. നിലവില്‍ വടക്കൻ ഗോവയുടെ ചുമതലക്കാരനാണ്. ഭാര്യ രമ്യ സോഫ്റ്റ്വെയർ എഞ്ചിനീയറാണ്. രണ്ട് മക്കളുമുണ്ട്.

World Cancer Day 2023: അറിയാം സ്തനാര്‍ബുദ്ദത്തിന്‍റെ ആരംഭലക്ഷണങ്ങള്‍