ഇടുക്കി: പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വേദികളിലെ പ്രായം തളർത്താത്ത പോരാളിയാണ് അറുപത്തിയൊമ്പതുകാരനായ ശ്രീനിവാസൻ. ഇടുക്കി മുരിക്കാശ്ശേരിയിൽ നടക്കുന്ന നാഷണൽ ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണം നേടിയതാണ് ശ്രീനിവാസന്‍റെ പുതിയ നേട്ടം.

വയസെന്നത് വെറും നമ്പറുകൾ മാത്രമെന്ന് വീണ്ടും തെളിയിക്കുന്നു ശ്രീനിവാസന്‍. പവർലിഫ്റ്റിംഗ് മാസ്റ്റേഴ്‌സ് വിഭാഗത്തിൽ 286.5 കിലോഗ്രാം ഭാരം ഉയർത്തിയാണ് ശ്രീനിവാസൻ ഒരിക്കൽകൂടി സുവർണ്ണനേട്ടത്തിലെത്തിയത്. ഇതോടെ ഡിസംബറിൽ അഫ്ഗാനിസ്ഥാനിൽ നടക്കുന്ന ഏഷ്യൻ പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി.

പത്ത് സ്വർണ്ണമുൾപ്പടെ ഇരുപത്തിയാറ് മെഡലുകൾ ഇതുവരെ ദേശീയ തലത്തിൽ ശ്രീനിവാസൻ സ്വന്തമാക്കിയിട്ടുണ്ട്. എന്നാൽ അതിനൊത്ത പിന്തുണ പവർലിഫ്റ്റിംഗ് ഫെഡറേഷനിൽ നിന്ന് കിട്ടുന്നില്ലെന്നാണ് താരത്തിന്‍റെ പരാതി. പവർലിഫ്റ്റിംഗിലേക്ക് വരുന്നതിന് മുമ്പ് ബോഡിബിൽഡിംഗിലായിരുന്നു ശ്രീനിവാസൻ മികവ് തെളിയിച്ചിരുന്നത്.