Asianet News MalayalamAsianet News Malayalam

ബാഡ്‌മിന്റണ്‍ അസോസിയേഷന്റെ കാരണം കാണിക്കല്‍ നോട്ടീസ്: മാപ്പ് പറഞ്ഞ് പ്രണോയ്

സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും അസോസിയേഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് പ്രണോയ് മറുപടി നല്‍കിയെന്നും ബായ് സെക്രട്ടറി അജയ് സിംഗാനിയയും സ്ഥിരീകരിച്ചു.

Prannoy apologises for outburst against BAI
Author
Thiruvananthapuram, First Published Jun 23, 2020, 8:20 PM IST

തിരുവനന്തപുരം: അര്‍ജ്ജുന അവാര്‍ഡിന് ശുപാര്‍ശ ചെയ്യാത്തതിന്റെ പേരില്‍ നടത്തിയ പരസ്യ വിമര്‍ശനത്തിനും ഫെബ്രുവരിയില്‍ മനിലയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ കളിക്കാതെ ബാഴ്സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയതിന്റെ പേരിലും ബാഡ്മിന്റണ്‍ അസോസിയേഷന്‍(ബായ്) നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിന് മറുപടി നല്‍കി മലയാളി താരം എച്ച് എസ് പ്രണോയ്. സംഭവത്തില്‍ പ്രണോയ് അസോസിയേഷനോട് മാപ്പു പറഞ്ഞു.

സംഭവിച്ച കാര്യങ്ങള്‍ നിര്‍ഭാഗ്യകരമായിപ്പോയെന്നും അസോസിയേഷന്‍ അയച്ച കാരണം കാണിക്കല്‍ നോട്ടീസിന് പ്രണോയ് മറുപടി നല്‍കിയെന്നും ബായ് സെക്രട്ടറി അജയ് സിംഗാനിയയും സ്ഥിരീകരിച്ചു. ഭാവിയില്‍ കളിക്കാര്‍ക്കുണ്ടാവുന്ന ഏത് ആശങ്കക്കും ഫെഡറേഷനെ സമീപിക്കാവുന്നാതാണെന്നും സിംഗാനിയ പറഞ്ഞു.

Also Read: അസോസിയേഷന്‍ അവഗണിച്ചു; പ്രണോയിയെ അര്‍ജ്ജുനക്കായി ശുപാര്‍ശ ചെയ്ത് പി ഗോപീചന്ദ്

ഫെബ്രുവരിയില്‍ മനിലയില്‍ നടന്ന ഏഷ്യന്‍ ടീം ചാമ്പ്യന്‍ഷിപ്പില്‍ സെമിയിലെത്തിയ ഇന്ത്യക്കായി കളിക്കാനിറങ്ങാതെ ശ്രീകാന്തും പ്രണോയിയും ബാഴ്സലോണയില്‍ മറ്റൊരു ടൂര്‍ണമെന്റ് കളിക്കാന്‍ പോയിരുന്നു. ഇതോടെ സെമിയില്‍ തോറ്റ ഇന്ത്യ ടൂര്‍ണമെന്റില്‍ മൂന്നാമതായാണ് ഫിനിഷ് ചെയ്തത്. അനുമതിയില്ലാതെ ടൂര്‍ണമെന്റിനിടക്ക് മറ്റൊരു ടൂര്‍ണമെന്റ് കളിക്കാനായി പോയതിന് ശ്രീകാന്തിനോടും പ്രണോയിയോടും ഫെഡറേഷന്‍ വിശദീകരണം തേടി. 15 ദിവസത്തിനകം മറുപടി നല്‍കണമെന്നായിരുന്നു നോട്ടീസില്‍ ആവശ്യപ്പെട്ടിരുന്നത്.

ശ്രീകാന്ത് ഇമെയില്‍ വഴി വിശദീകരണം നല്‍കി. ഇതിന് പിന്നാലെ ശ്രീകാന്തിനെ ഖേല്‍രത്നക്ക് ഫെഡറേഷന്‍ ശുപാര്‍ശ ചെയ്തു. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് റാങ്കിറെഡ്ഡി, ചിരാഗ് ഷെട്ടി, സിംഗിള്‍സ് താരമായ സമീര്‍ വര്‍മ എന്നിവരെയാണ് ബാഡ്മിന്റണ്‍ അസോസിയേഷന്‍ അര്‍ജ്ജുന അവാര്‍ഡിനായി ഇത്തവണ നാമനിര്‍ദേശം ചെയ്തത്. ഇതിന് പിന്നാലെ #thiscountryisajoke എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ പരസ്യപ്രതികരണവുമായി പ്രണോയ് രംഗത്തെത്തിയിരുന്നു.

എല്ലാം പഴയ കഥ തന്നെ, കോമണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പിലും മെഡല്‍ നേടിയവരെ അസോസിയേഷന്‍ നാമനിര്‍ദേശം ചെയ്തില്ല, പക്ഷെ ഈ പ്രധാന ചാമ്പ്യന്‍ഷിപ്പുകളിലൊന്നും പങ്കെടുക്കുക പോലും ചെയ്യാത്തവരെ ശുപാര്‍ശ ചെയ്യുകയും ചെയ്തു എന്നായിരുന്നു പ്രണോയിയുടെ ട്വീറ്റ്. കഴിഞ്ഞ വര്‍ഷവും പ്രണോയിയുടെ പേര് അസോസിയേഷന്‍ അര്‍ജ്ജുനക്കായി നാമനിര്‍ദേശം ചെയ്തിരുന്നില്ല. ഇതിനെതിരെയും പ്രണോയ് പരസ്യമായി രംഗത്തെത്തിയിരുന്നു

അതേസമയം, ബായ്‌യുടെ കാരണം കാണിക്കല്‍ നോട്ടീസ് ലഭിക്കും മുമ്പെ ദേശീയ ബാഡ്മിന്റണ്‍ പി ഗോപീചന്ദ് പ്രണോയിയെ അര്‍ജ്ജുന അവാര്‍ഡിനായി ശുപാര്‍ശ ചെയ്തിരുന്നു.

Follow Us:
Download App:
  • android
  • ios