ബര്‍മിംഗ്ഹാം: ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്റണില്‍ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന പി വി സിന്ധു ക്വാര്‍ട്ടറില്‍ പുറത്ത്. ജപ്പാന്റെ നൊസോമി ഒക്കുഹാരയോട് ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോറ്റാണ് സിന്ധു പുറത്തായത്. സ്കോര്‍ 12-21 21-15 21-13.

ആദ്യ ഗെയിം നേടി വിജയപ്രതീക്ഷ ഉണര്‍ത്തിയശേഷമാണ് സിന്ധു അടുത്ത രണ്ട് ഗെയിമുകളും കൈവിട്ട് തോല്‍വി സമ്മതിച്ചത്. ആദ്യ ഗെയിമില്‍ തുടക്കത്തിലെ 3-0 ലീഡെടുത്ത സിന്ധു പിന്നീട് 7-2ലേക്ക് മുന്നേറി. ഒക്കുഹാര 5-8ലേക്ക് എത്തിച്ചെങ്കിലും പിന്നീട് സിന്ധു 18-9ലേക്ക് മുന്നേറി. ആദ്യ ഗെയിം 12-21ന് അനായാസം സ്വന്തമാക്കിയ സിന്ധുവിന് പക്ഷെ അടുത്ത രണ്ട് ഗെയിമുകളിലും ആ മികവ് ആവര്‍ത്തിക്കാനായില്ല.

രണ്ടാം ഗെയിമിന്റെ തുടക്കത്തിലെ നീണ്ട റാലികളില്‍ സിന്ധുവിനെ പരീക്ഷിച്ച ഒക്കുഹാര തുടക്കത്തിലെ 7-3ന് മുന്നിലെത്തി. റാലികള്‍ക്കൊടുവില്‍ സിന്ധുവിന്റെ പിഴവില്‍ നിന്ന് പോയന്റ് സ്വന്തമാക്കിയ ഒക്കുഹാര രണ്ട് ഗെയിമും മത്സരവും സ്വന്തമാക്കി സെമിയിലേക്ക് മുന്നേറി. സിന്ധുവിന്റെ തോല്‍വിയോടെ ഓള്‍ ഇംഗ്ലണ്ട് ഓപ്പണില്‍ രണ്ട് ദശകത്തിനുശേഷം കിരീടമെന്ന ഇന്ത്യന്‍ സ്വപ്നവും ടൂര്‍ണമെന്റിലെ ഇന്ത്യന്‍ പോരാട്ടവും അവസാനിച്ചു.