ബീജിംഗ്: പി വി സിന്ധുവിനെ ലോകചാംപ്യന്‍ ആക്കിയ കൊറിയന്‍ പരിശീലക കിം ജി ഹ്യൂന്‍, പുതിയ ചുമതലയേറ്റെടുത്തു. ചൈനീസ് തായ്‍‍പെയ് ടീമിന്‍റെ പരിശീലകയായി, കിം ചുമതലയേറ്റെടുത്തതായി ദേശീയ ബാഡ്മിന്‍റൺ ഫെഡറേഷനിൽ അറിയിച്ചു.

പക്ഷാഘാതം സംഭവിച്ച ഭര്‍ത്താവിനെ ശുശ്രൂഷിക്കാനായി, സെപ്റ്റംബറില്‍ ആണ് കിം, സിന്ധുവിന്‍റെ പരിശീലക സ്ഥാനം ഒഴിഞ്ഞത്. എന്നാൽ ഇപ്പോള്‍ ഇന്ത്യയിലേക്ക് തിരിച്ചെത്താതെ,മറ്റൊരു ടീമിന്റെ പരിശീലക ചുമതല ഏറ്റെടുത്തതിന്‍റെ കാരണം വ്യക്തമല്ല.

ഒളിംപിക്സിന് ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ബാക്കി നില്‍ക്കെ കിമ്മിന്‍റെ അസാന്നിധ്യം സിന്ധുവിന്‍റെ ഒളിംപിക്സ് തയ്യാറെടുപ്പിനെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. ഈ വര്‍ഷമാണ് കിമ്മിനെ ബാഡ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ സിന്ധുവിന്റെ പരിശീലകയായി നിയമിച്ചത്. കാലാവധി പൂര്‍ത്തിയാക്കാതെ മടങ്ങുന്ന മൂന്നാമത്തെ വിദേശ പരിശീലകനാണ് 45കാരിയായ കിം.