പരിശീലകരെ നിരുത്സാഹപ്പെടുത്തുന്ന തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്നാണ് പ്രതീക്ഷയെന്ന് അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തിരുവനന്തപുരം: ഒളിംപിക്‌സില്‍ മത്സരിച്ച കായികതാരങ്ങള്‍ക്ക് സമ്മാനം നല്‍കിയ സര്‍ക്കാര്‍ മലയാളി പരിശീലകരെ അവഗണിച്ചെന്ന് പരാതി. മലയാളികളായ നാല് പരിശീലകരാണ് ഇന്ത്യന്‍ സംഘത്തിലുണ്ടായിരുന്നത്. പരിശീലകരെ നിരുത്സാഹപ്പെടുത്തുന്ന തീരുമാനം സര്‍ക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്നാണ്
പ്രതീക്ഷയെന്ന് അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

വെങ്കലമെഡല്‍ നേടിയ പി ആര്‍ ശ്രീജേഷിന് രണ്ട് കോടിയും ഒളിംപിക്‌സ് ടീമിലുണ്ടായിരുന്ന മലയാളികള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതവും സര്‍ക്കാര്‍ നല്‍കിയിരുന്നു. എന്നാല്‍ താരങ്ങളെ മത്സരസജ്ജരാക്കിയ പരിശീലകരെ അവഗണിച്ചെന്നാണ് ആക്ഷേപം. നീരജ് ചോപ്ര അടങ്ങിയ ഇന്ത്യന്‍ അത്‌ലറ്റിക്‌സ് ടീമിന്റെ മുഖ്യ പരിശീലകനാണ് രാധാകൃഷ്ണന്‍ നായര്‍.

സഹപരിശീലകന്‍ രാജ് മോഹന്, നീന്തല്‍ പരിശീലകന്‍ പ്രദീപ് കുമാര്‍, ശ്രീശങ്കറിന്റെ അച്ഛനും പരിശീലകനുമായ മുരളി എന്നിവരായിരുന്നു ടോക്കിയോയിലെ ഇന്ത്യന്‍ സംഘത്തിലുള്ള മലയാളികള്‍. ഒളിംപിക്‌സ് അത്‌ലറ്റിക്‌സ് ചരിത്രത്തിലെ ആദ്യ സ്വര്‍ണമെഡല്‍ രാജ്യത്തിന് സമ്മാനിച്ച നീരജിന് പുറമെ ഡിസ്‌കസ് ത്രോയില്‍ ഫൈനലിലെത്തിയ കമല്‍പ്രീത് കൗറും അടങ്ങിയ സംഘത്തിന്റെ പൂര്‍ണ ചുമതല രാധാകൃഷ്ണന് നായര്‍ക്ക് ആയിരുന്നു.

4ഃ400 മീറ്റര്‍ പുരുഷ റിലേയില്‍ ഏഷ്യന്‍ റെക്കോര്‍ഡ് തകര്‍ത്ത ഇന്ത്യന്‍ ടീമിലെ നോഹ് നിര്‍മല്‍ ടോം അടക്കമുള്ളവരെ കണ്ടെത്തിയത് രാജ് മോഹവനാണ്. 
ഒളിംപിക്‌സ് നീന്തലില്‍ എ യോഗ്യതാ മാര്‍ക്ക് മറികടക്കാന്‍ സജന്‍ പ്രകാശിന് സാധ്യമായത് പരിശീലകന്‍ പ്രദീപ് കുമാറിന്റെ ശിക്ഷണത്തിലും. കേരളത്തിലെ പരിശീലന കേന്ദ്രങ്ങള്‍ അടച്ചിട്ടപ്പോള്‍ ദുബായിയിലേക്ക് സജനെ കൊണ്ടുപോയി പരിശീലനം നല്‍കിയതും പ്രദീപ് ആയിരുന്നു.

ഇവരുടെയൊന്നു അധ്വാനം സര്‍ക്കാര്‍ കണ്ടില്ലെന്ന് വയ്ക്കരുതെന്നാണ് കായികമേഖലയിലുള്ളവരുടെ അഭ്യര്‍ത്ഥന. സര്‍ക്കാറില്‍ നിന്ന് നല്ല തീരുമാനം പ്രതീക്ഷിക്കുന്നതായി മുഖ്യ പരിശീലകന്‍ രാധാകൃഷ്ണന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.