പാരീസ്: റാഫേല്‍ നദാലും നൊവാക് ജോക്കോവിച്ചും ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍. ഗ്രീസിന്റെ യുവതാരം സ്റ്റെഫാനോസ് സിറ്റ്‌സിപാസും അവസാന നാലിലെത്തി. വനിതകളില്‍ പെട്രാ ക്വിറ്റോവ, സോഫിയ കെനിന്‍, ഇഗാ സ്വിയറ്റക് എന്നിവരും സെമിയില്‍ കടന്നു. 

ഇറ്റലിയുടെ ജാനിക് സിന്നിറെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് 12 തവണ ഫ്രഞ്ച് ഓപ്പണ്‍ നേടിയ നദാല്‍ സെമിയിലെത്തിയത്. 6-7, 4-6, 1-6 എന്ന സ്‌കോറിനായിരുന്നു സ്പാനിഷ് താരത്തിന്റെ ജയം. തുടര്‍ച്ചയായ നാലാം കരീടമാണ് റോളണ്ട് ഗാരോസില്‍ നദാല്‍ ലക്ഷ്യമിടുന്നത്. 2005ലാണ് നദാല്‍ ആദ്യമായി ഫ്രഞ്ച് ഓപ്പണ്‍ നേടിയത്. 2009, 2015, 2016 വര്‍ഷങ്ങില്‍ കിരീടം നേടാനായില്ല. ഇത്തവണ കിരീടം നേടിയാല്‍ കൂടുതല്‍ തവണ ഗ്രാന്‍ഡ്സ്ലാം നേടിയ റോജര്‍ ഫെഡര്‍ക്കൊപ്പമെത്താന്‍ നദാലിനാവും. 20 കിരീടങ്ങളാണ് ഫെഡററുടെ അക്കൗണ്ടിലുള്ളത്. അര്‍ജന്റീനയുടെ ഡിയേഗോ ഷോര്‍ട്‌സ്മാനാണ് നദാലിന്റെ  എതിരാളി. 

സ്പാനിഷ് താരം കരേനോ ബുസ്റ്റയെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് സെമിയിലെത്തിയത്. സ്‌കോര്‍ 4-6, 6-2, 6-3, 6-4. ഫ്രഞ്ച് ഓപ്പണില്‍ ഒരിക്കല്‍ മാത്രമാണ് ജോക്കോവിച്ചിന് കിരീടം നേടിയിട്ടുള്ളത്. 2016ലായിരുന്നു അത്. ഗ്രീക്ക് താരം സിറ്റ്‌സിപാസിനെയാണ്് ജോക്കോവിച്ച് സെമിയില്‍ നേരിടുക. റഷ്യന്‍ താരം ആന്ദ്രേ റുബ്ലേവിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്താണ് 22കാരന്‍ സെമിയില്‍ കടന്നത്. സ്‌കോര്‍ 5-7, 2-6, 3-6. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയന്‍ ഓപ്പണിന്റെ സെമിയില്‍ കടക്കാനും സിറ്റ്‌സിപാസിന് സാധിച്ചിരുന്നു. 

വനിതകളില്‍ അര്‍ജന്റീനയുടെ നദിയ പൊഡൊറോസ്‌ക പോളണ്ടിന്റെ ഇഇഗാ സ്വിയറ്റക്കിനെ നേരിടും. മുന്‍ വിംബിള്‍ഡണ്‍ ചാംപ്യനായ പെട്രാ ക്വിറ്റോവ അമേരിക്കയുടെ സോഫിയ കെനിനുമായി മത്സരിക്കും. നിലവിലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ജേത്രിയാണ് കെനിന്‍.