ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും വൈകാതെ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ ട്വിറ്ററില്‍ പറഞ്ഞു.

അബുദാബി: ടെന്നീസ് താരം റാഫേല്‍ നദാലിന്(Rafael Nadal ) കൊവിഡ്(Covid-19) സ്ഥിരീകരിച്ചു. പരിക്കിന്‍റെ നീണ്ട ഇടവേളക്കുശേഷം അബുദാബിയില്‍ നടന്ന മുബാദ്‌ല ടെന്നീസ് ടൂര്‍ണമെന്‍റിലൂടെ കോര്‍ട്ടില്‍ തിരിച്ചെത്തിയ നദാലിന് സ്പെയിനില്‍ തിരിച്ചെത്തിയശേഷം നടത്തിയ പിസിആര്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഒട്ടും സന്തോഷകരമല്ലാത്ത ചില നിമിഷങ്ങളിലൂടെയാണ് കടന്നുപോവുന്നതെന്നും വൈകാതെ സുഖം പ്രാപിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും നദാല്‍ ട്വിറ്ററില്‍ പറഞ്ഞു.രോഗമുക്തനായശേഷം ഭാവി ടൂര്‍ണമെന്‍റുകളിലെ പങ്കാളിത്തത്തെക്കുറിച്ച് പറയാമെന്നും നദാല്‍ വ്യക്തമാക്കി. കുവൈത്തിലും അബുദാബിയിലും നടന്ന പ്രദര്‍ശന ടൂര്‍ണമെന്‍റില്‍ മത്സരിക്കുമ്പോള്‍ നടത്തിയ എല്ലാ പിസിആര്‍ പരിശോധനകളിലും നെഗറ്റീവായിരുന്നുവെന്നും അവസാനം വെള്ളിയാഴ്ച നടത്തിയ പരിശോധനയിലും നെഗറ്റീവ് ഫലമാണ് ലഭിച്ചതെന്നും നദാല്‍ പറഞ്ഞു.

Scroll to load tweet…

ഓഗസ്റ്റില്‍ വാഷിംഗ്ടണില്‍ നടന്ന സിറ്റി ഓപ്പണ്‍ ടൂര്‍ണമെന്‍റിനുശേഷം പരിക്കിന്‍റെ പിടിയിലായ നദാല്‍ അബുദാബിയില്‍ നടന്ന പ്രദര്‍ശന ടൂര്‍ണമെന്‍റിലൂടെയാണ് കോര്‍ട്ടില്‍ തിരിച്ചെത്തിയത്. കാല്‍പ്പാദത്തിന് പരിക്കേറ്റതിനെത്തുടര്‍ന്ന് നാലു മാസമാണ് നദാല്‍ കോര്‍ട്ടില്‍ നിന്ന് വിട്ടുനിന്നത്. ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ സെമി ഫൈനലില്‍ പുറത്തായതിന് പിന്നാലെ പരിക്കിനെത്തുടര്‍ന്ന് വിംബിള്‍ഡണും ടോക്കിയോ ഒളിംപിക്സും യുഎസ് ഓപ്പണും നദാലിന് നഷ്ടമായിരുന്നു.

അടുത്തവര്‍ഷം ജനുവരിയില്‍ നടക്കുന്ന ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കാനാകുമോ എന്ന് ഉറപ്പില്ലെന്നും നദാല്‍ പറഞ്ഞു.