Asianet News MalayalamAsianet News Malayalam

ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു; ബൊപ്പണ്ണ സഖ്യം പുറത്ത്

പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ- ഫ്രാങ്കോ സ്‌കുഗോര്‍ (ക്രൊയേഷ്യ) സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. സ്‌പെയ്‌നിന്റെ പാബ്ലോ അന്‍ഡുഹാര്‍- പെഡ്രോ മാര്‍ട്ടിനെസ് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. സ്‌കോര്‍ 5-7, 3-6. 

Rohana Bopanna Crashes Out In Men's Doubles Quarterfinal
Author
Paris, First Published Jun 7, 2021, 10:34 PM IST

പാരീസ്: ഫ്രഞ്ച് ഓപ്പണില്‍ ഇന്ത്യന്‍ പ്രതീക്ഷകള്‍ അവസാനിച്ചു. പുരുഷ ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ- ഫ്രാങ്കോ സ്‌കുഗോര്‍ (ക്രൊയേഷ്യ) സഖ്യം ക്വാര്‍ട്ടറില്‍ പുറത്തായി. സ്‌പെയ്‌നിന്റെ പാബ്ലോ അന്‍ഡുഹാര്‍- പെഡ്രോ മാര്‍ട്ടിനെസ് സഖ്യത്തോടാണ് ഇരുവരും പരാജയപ്പെട്ടത്. സ്‌കോര്‍ 5-7, 3-6. 

പ്രീ ക്വാര്‍ട്ടറില്‍ ഇന്തോ- ക്രോട്ട് സഖ്യത്തിന് വാക്കോവര്‍ ലഭിച്ചിരുന്നു. ദിവ്ജി ശരണ്‍, അങ്കിത റെയ്‌ന എന്നിവര്‍ ഡബിള്‍സ് മത്സരത്തില്‍ ആദ്യ റൗണ്ടില്‍ പുറത്തായിരുന്നു. സിംഗിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ സുമിത് നഗല്‍, രാംകുമാര്‍ രാംനാഥന്‍, പ്രജ്‌നേഷ് ഗുണേശ്വരന്‍, അങ്കിത റെയ്‌ന എന്നിവര്‍ക്ക് യോഗ്യതറൗണ്ട് കടക്കാന്‍ കഴിഞ്ഞിരുന്നില്ല. 

അതേസമയം ലോക ഒന്നാം നമ്പര്‍ നൊവാക് ജോക്കോവിച്ച്, ഡിയേഗോ ഷോര്‍ട്‌സ്മാന്‍ എന്നിവര്‍ ക്വാര്‍ട്ടറിലെത്തി. നേരത്തെ നടന്ന മത്സരത്തില്‍ ജയിച്ച് അല്ക്‌സാണ്ടര്‍ സ്വെരേവ് ക്വാര്‍ട്ടറില്‍ കടന്നിരുന്നു. റോജര്‍ ഫെഡറര്‍ പിന്മാറിയാതോടെ മാതിയ ബരേറ്റിനിക്കും അവസാന എട്ടില്‍ ഇടം ലഭിച്ചു. വനിതകളില്‍ കൊകോ ഗൗഫ്, മരിയ സക്കറി എന്നിവരും ക്വാര്‍ട്ടറില്‍ കടന്നു. 

ഇറ്റാലിയന്‍ യുവതാരം ലൊറന്‍സൊ മുസേറ്റിക്കെതിരെ അവിശ്വസനീയ തിരിച്ചുവരാണ് നിലവിലെ ഒന്നാം നമ്പറായ ജോക്കോവിച്ച് നടത്തിയത്. ആദ്യ രണ്ട് സെറ്റും 6-7, 6-7ന് മുസേറ്റി സ്വന്തമാക്കിയിരുന്നു. എന്നാല്‍ മൂന്നും നാലും സെറ്റില്‍ താരം ഗംഭീര തിരിച്ചുവരവ് നടത്തി. മൂന്നാം സെറ്റ് 6-1നും നാലാം സെറ്റ് 6-0ത്തിനും ജോക്കോവിച്ച് സ്വന്തമാക്കി. നിര്‍ണായകമായ അവസാന സെറ്റില്‍ ജോക്കോ 4-0ത്തിന് മുന്നില്‍ നില്‍ക്കെ ഇറ്റാലിയന്‍ താരം പിന്മാറുകയായിരുന്നു.

ക്വാര്‍ട്ടറില്‍ മറ്റൊരു ഇറ്റാലിയന്‍ താരം ബരേറ്റിനിയെയാണ് ജോക്കോ നേരിടുക. ജര്‍മനിയുടെ ലെന്നാര്‍ഡ് സ്ട്രഫിനെ തോല്‍പ്പിച്ചാണ് ഷ്വാര്‍ട്‌സ്മാന്‍ ക്വാര്‍ട്ടറിലെത്തിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു അര്‍ജന്റൈന്‍ താരത്തിന്റെ ജയം. സ്‌കോര്‍ 7-6, 6-4, 7-5. സ്വെരേവ് നേരത്തെ ജപ്പാന്റെ കീ നിഷികോറിയെ തകര്‍ത്തു. 6-4, 6-1, 6-1 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സ്വെരേവിന്റെ ജയം. സ്പാനിഷ് താരം ഡേവിഡോവിച്ച് ഫോകിനയാണ് സ്വെരേവിന്റെ എതിരാളി.

Follow Us:
Download App:
  • android
  • ios