Asianet News MalayalamAsianet News Malayalam

സ്വപ്‌നം ബാക്കിയായി, സാനിയ സഖ്യം വിംബിള്‍ഡണില്‍ നിന്ന് പുറത്ത്; വനിതാ സിംഗിള്‍സ് ഫൈനലിസ്റ്റുകളെ ഇന്നറിയാം

21 വര്‍ഷം വിംബിള്‍ഡണില്‍ കളിച്ച സാനിയ 2015ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സ് കിരീടം നേടിയിരുന്നു. ഈ സീസണിനൊടുവില്‍ വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു.

Sania Mirza loses mixed doubles semifinal at last Wimbledon of her career
Author
Wimbledon, First Published Jul 7, 2022, 8:18 AM IST

ലണ്ടന്‍: വിംബിള്‍ഡണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ സാനിയ (Sania Mirza) സഖ്യത്തിന് സെമിയില്‍ തോല്‍വി. സാനിയ- മേറ്റ് പാവിക് സഖ്യം നിലവിലെ ജേതാക്കളായ നീല്‍ സ്‌കുപ്‌സ്‌കി, ക്രൊസിക് സഖ്യത്തോടാണ് തോറ്റത്. സ്‌കോര്‍ 6-4, 5-7, 4-6. ഇതോടെ വിംബിള്‍ഡണില്‍ മിക്‌സഡ് ഡബിള്‍സില്‍ കിരീടമെന്ന സ്വപ്നം സാനിയക്ക് ബാക്കിയായി. 

21 വര്‍ഷം വിംബിള്‍ഡണില്‍ കളിച്ച സാനിയ 2015ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പം ഡബിള്‍സ് കിരീടം നേടിയിരുന്നു. ഈ സീസണിനൊടുവില്‍ വിരമിക്കുമെന്ന് സാനിയ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍നായകന്‍മാരായ സുനില്‍ ഗാവസ്‌കറും (Sunil Gavaskar) എം എസ് ധോണിയും (MS Dhoni) അടക്കമുള്ളവര്‍ സാനിയയുടെ അവസാന വിംബിള്‍ഡണ്‍ മത്സരം കാണാന്‍ എത്തിയിരുന്നു. 

പുരുഷ വിഭാഗത്തില്‍ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ചാംപ്യന്‍ റാഫേല്‍ നദാല്‍ സെമിയിലേക്ക് മുന്നേറി. പരിക്കിനെ അതിജീവിച്ച് പോരാടിയ നദാല്‍ ക്വാര്‍ട്ടറില്‍ അമേരിക്കന്‍ താരം ടൈലര്‍ ഫ്രിറ്റ്‌സിനെ തോല്‍പിച്ചു. അഞ്ച് സെറ്റ് നീണ്ട പോരാട്ടത്തിനൊടുവിലാണ് നദാലിന്റെ ജയം. പരിക്കിനെ അതിജീവിച്ചാണ് നദാല്‍ അവസാന നാലിലെത്തിയത്. സ്‌കോര്‍ 6-3, 5-7, 6-3, 5-7, 6-7. സെമിയില്‍ ഓസ്‌ട്രേലിയയുടെ നിക്ക് കിര്‍ഗിയോസാണ് നദാലിന്റെ എതിരാളി

ചിലെയുടെ ക്രിസ്റ്റ്യന്‍ ഗാരിനെ തോല്‍പ്പിച്ചായിരുന്നു നിക്ക് കിര്‍ഗിയോസിന്റെ സെമി പ്രവേശനം. സ്‌കോര്‍ 6-4, 6-3, 7-6. ഇതാദ്യമായാണ് കിര്‍ഗിയോസ് ഒരു ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിന്റെ സെമിയില്‍ കയറുന്നത്. 

വനിതാ സിംഗിള്‍സ് ഫൈനലിസ്റ്റുകളെ ഇന്നറിയാം. സെമിഫൈനലുകള്‍ ഇന്ത്യന്‍ സമയം വൈകീട്ട് ആറിന് തുടങ്ങും. ആദ്യ സെമിയില്‍ പതിനാറാം സീഡായ റോമേനിയന്‍ താരം സിമോണാ ഹാലെപ്പും പതിനേഴാം സീഡായ കസാഖ്സ്ഥാന്‍ താരം എലേന റിബാകിനയും ഏറ്റുമുട്ടും.

23കാരിയായ എലേന ഗ്രാന്‍ഡ്സ്ലാം സെമിയിലെത്തുന്ന ആദ്യ കസാഖ് താരമാണ്. രണ്ടാം സെമിയില്‍ ടുണീഷ്യന്‍ താരം ഓന്‍സ് ജാബ്യൂറും , ജര്‍മന്‍ താരം താത്ജാന മരിയയും നേര്‍ക്കുനേര്‍ വരും. 2019ലെ ചാംപ്യനായ ഹാലെപ്പ് ഒഴികെ മൂന്ന് പേരും ഇതുവരെ വിംബിള്‍ഡണ്‍ ഫൈനലിലെത്തിയിട്ടില്ല.
 

Follow Us:
Download App:
  • android
  • ios