Saurav Ghosal : മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷില്‍ ചരിത്രനേട്ടവുമായി ഇന്ത്യന്‍ താരം സൗരവ് ഘോസല്‍
ടൂര്‍ണമെന്‍റിലെ രണ്ടാം സീഡും ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനക്കാരനുമാണ് 35കാരനായ സൗരവ് ഘോസല്‍. ടൂര്‍ണമെന്‍റിലെ ടോപ് സീഡും ലോക റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനക്കാരനുമാണ് റോഡ്രിഗസ്. ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഘോസലിന്‍റെ കിരീടനേട്ടം.

ക്വാലാലംപൂര്‍: മലേഷ്യന്‍ ഓപ്പണ്‍ സ്ക്വാഷ്(Malaysian Open squash) ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രനേട്ടവുമായി ഇന്ത്യയുടെ സൗരവ് ഘോസല്‍(Saurav Ghosal ). മലേഷ്യന്‍ ഓപ്പണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ടോപ് സീഡായ കൊളംബിയയുടെ മിഗ്വേല്‍ റോഡ്രിഗസിനെ(Miguel Rodriguez) നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കി ഘോസല്‍ കിരീടം നേടി. സ്കോര്‍ 11-7, 11-8, 13-11. മലേഷ്യന്‍ ഓപ്പണില്‍ കിരീടം നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് ഘോസല്‍.
ടൂര്‍ണമെന്‍റിലെ രണ്ടാം സീഡും ലോക റാങ്കിംഗില്‍ പതിനഞ്ചാം സ്ഥാനക്കാരനുമാണ് 35കാരനായ സൗരവ് ഘോസല്‍. ടൂര്‍ണമെന്‍റിലെ ടോപ് സീഡും ലോക റാങ്കിംഗില്‍ പന്ത്രണ്ടാം സ്ഥാനക്കാരനുമാണ് റോഡ്രിഗസ്. ഫൈനലില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ഘോസലിന്‍റെ കിരീടനേട്ടം.
മൂന്നാം ഗെയിമില്‍ റോഡ്രിഗസ് 10-9ന്‍റെ നിര്‍ണായക ലീഡെടുത്തെങ്കിലും ഫ്രണ്ട് കോര്‍ട്ടില്‍ നിന്നുള്ള കൗണ്ടര്‍ ഡ്രോപ് ഷോട്ടിലൂടെ ഒപ്പമെത്തിയ ഘോസല്‍ ലീഡ് തിരിച്ചുപിടിച്ച് 13-11ന് ഗെയിമും കിരീടവും സ്വന്തമാക്കി. 2018ല്‍ കൊല്‍ക്കത്ത ഇന്‍റര്‍നാഷണല്‍ ഓപ്പണില്‍ കിരീടം നേടിയശേഷം ഘോസലിന്‍റെ ആദ്യ പിഎസ്എ കിരീടമാണിത്.
ഏറെക്കാലത്തിനുശേഷം കിരീടം നേടാനായതില്‍ സന്തോഷമുണ്ടെന്നും കിരീടപ്പോരിലേക്കുള്ള യാത്രയില്‍ ലോകത്തിലെ മികച്ച കളിക്കാരെ തോല്‍പ്പിക്കാനായത് ആത്മവിശ്വാസം കൂട്ടിയെന്നും ഘോസല്‍ പറഞ്ഞു. ഫൈനലില്‍ രണ്ടാം ഗെയിമില്‍ 0-7ന് പിന്നിലായശേഷം തിരിച്ചടിച്ച് ജയം പിടിച്ചെടുക്കാനായത് തന്‍റെ കഠിനാധ്വാനത്തിനുള്ള പ്രതിഫലമാണെന്നും ഘോസല്‍ പറഞ്ഞു.