Asianet News MalayalamAsianet News Malayalam

ഇന്ത്യന്‍ വനിതാ ഹോക്കി ടീം പരിശീലകന്‍ രാജിവെച്ചു

2017ലാണ് ഡച്ചുകാരനായ മാരിന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ പരിശീലകനായത്. മാരിന്‍റെ മികവ് തിരിച്ചറിഞ്ഞ ഹോക്കി ഇന്ത്യ പിന്നീട് അദ്ദേഹത്തോട് പുരുഷ ടീമിന്‍റെ പരിശീലകനാവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ചുകാലം ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പരിശീലകനുമായി.

Sjoerd Marijne steps down as India womens hockey team coach
Author
Tokyo, First Published Aug 6, 2021, 9:18 PM IST

ടോക്യോ: ടോക്യോ ഒളിംപിക്സില്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീം ചരിത്രനേട്ടം സ്വന്തമാക്കിയതിന് പിന്നാലെ പരിശീലകന്‍ സ്യോര്‍ദ് മാരിന്‍ രാജിവച്ചു. ഒളിംപിക്സില്‍ ബ്രിട്ടനെതിരായ വെങ്കലമെഡല്‍ മത്സരമായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള തന്‍റെ അവസാന മത്സരമെന്ന് മാരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ക്വാര്‍ട്ടറില്‍ ഓസ്ട്രേലിയക്കെതിരായ അവിസ്മരണീയ വിജയത്തിനുശേഷം മാരിന്‍ ടീം അംഗങ്ങള്‍ക്കൊപ്പം ബസില്‍ മടങ്ങുന്ന ചിത്രം ട്വീറ്റ് ചെയ്ത് കുറിച്ച വാക്കുകള്‍ വൈറലായിരുന്നു. സോറി, ഞാന്‍ പെട്ടെന്ന് വീട്ടിലേക്ക് വരുന്നില്ലെന്നായിരുന്നു മാരിന്‍റെ ട്വീറ്റ്.

2017ലാണ് ഡച്ചുകാരനായ മാരിന്‍ ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്‍റെ പരിശീലകനായത്. മാരിന്‍റെ മികവ് തിരിച്ചറിഞ്ഞ ഹോക്കി ഇന്ത്യ പിന്നീട് അദ്ദേഹത്തോട് പുരുഷ ടീമിന്‍റെ പരിശീലകനാവാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് കുറച്ചുകാലം ഇന്ത്യന്‍ പുരുഷ ടീമിന്‍റെ പരിശീലകനുമായി. 2018ലെ കോമണ്‍വെല്‍ത്ത് ഗെയിംസിനുശേഷം വനിതാ ടീമിന്‍റെ പരിശീലക സ്ഥാനത്ത് തിരിച്ചെത്തി.

Sjoerd Marijne steps down as India womens hockey team coach

കൊവിഡ് കാലത്തും ഇന്ത്യയില്‍ തന്നെ തുടര്‍ന്ന മാരിന്‍ പരിശീലനം പുനരാരംഭിക്കാന്‍ അവസരം ലഭിച്ച ഉടന്‍ വനിതാ ഹോക്കി ടീമുമായി പരിശീലനത്തിനിറങ്ങി. ഒളിംപിക്സ് മുന്നൊരുക്കങ്ങളുടെ ഭാഗമായി അര്‍ജന്‍റീനയ്ക്കും ജര്‍മനിയ്ക്കുമെതിരെ മത്സരങ്ങള്‍ കളിക്കാനുള്ള തീരുമാനവും മാരിന്‍റേതായിരുന്നു.

ഒളിംപിക്സില്‍ ആദ്യ മൂന്ന് കളികളും തോറ്റ് തുടങ്ങിയ ഇന്ത്യന്‍ വനിതാ ടീം പിന്നീട് അയര്‍ലന്‍ഡിനെയും ദക്ഷിണാഫ്രിക്കയെയും വീഴ്ത്തി ഗ്രൂപ്പില്‍ നാലാം സ്ഥാനക്കാരായാണ് ക്വാര്‍ട്ടറിലെത്തിയത്. ക്വാര്‍ട്ടറില്‍ കരുത്തരായ ഓസ്ട്രേലിയയെ ഒരു ഗോളിന് അട്ടിമറിച്ച് ചരിത്രത്തിലാദ്യമായി സെമിയിലെത്തി. സെമിയില്‍ അര്‍ജന്‍റീനയോടും വെങ്കല മെഡല്‍ പോരാട്ടത്തില്‍ ബ്രിട്ടനോടും തോറ്റെങ്കിലും ഇന്ത്യന്‍ ജനതയും ഹൃദയം കവര്‍ന്നാണഅ വനിതാ ഹോക്കി ടീം ടോക്യയില്‍ നിന്ന് മടങ്ങുന്നത്.

Follow Us:
Download App:
  • android
  • ios