ക്വാലാലംപൂര്‍: ഫുട്ബോളിലെ സുന്ദരമായ ഗോളുകള്‍പോലെ ഹോക്കിയില്‍ സുന്ദരഗോളുകള്‍ കാണുന്നത് അപൂര്‍വമാണ്. എന്നാല്‍ സുല്‍ത്താന്‍ അസ്ലാന്‍ ഷാ ഹോക്കി ഫൈനലില്‍ ഇന്ത്യയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ കീഴടക്കിയ ദക്ഷിണ കൊറിയ നേടിയ പെനല്‍റ്റി ഗോളാണ് ഇപ്പോള്‍ കായികലോകത്തെ പ്രധാന ചര്‍ച്ച.

പെനല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നാണ് ദക്ഷിണ കൊറിയ ഇന്ത്യയെ വീഴ്ത്തി കീരീടം നേടിയത്. ദക്ഷിണ കൊറിയന്‍ നായകന്‍ ലീ നാം യംഗ് ആണ് ഹോക്കി ലോകത്തെ ഞെട്ടിച്ച  അത്ഭുത പെനല്‍റ്റി എടുത്തത്.

പെനല്‍റ്റി കിക്കെടുക്കാനായി എത്തിയ യംഗ് പന്തുമായി മുന്നോട്ടുപോയശേഷം അത് തടയാനായി കയറിവന്ന ഇന്ത്യയുടെ യുവ ഗോള്‍ കീപ്പര്‍ കൃഷ്ണന്‍ ബി പഥക്കിനെ കബളിപ്പിച്ച് പന്ത് സ്കൂപ്പ് ചെയ്ത് പോസ്റ്റിലേക്കിടുകയായിരുന്നു.