കണ്ണൂര്‍: സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ കിരീടപ്പോരാട്ടം കനത്തു. സീനിയർ പെൺകുട്ടികളുടെ ഷോട്ട്പുട്ടിൽ മാതിരപ്പള്ളി സ്‌കൂളിലെ കെസിയ മറിയം ബെന്നിക്ക്‌ സ്വർണം. ഇതോടെ എറണാകുളം ജില്ല 50 പോയിന്റുമായി പാലക്കാടിനെ പിന്തള്ളി മീറ്റിൽ ഒന്നാമതെത്തി. രണ്ടാം സ്ഥാനത്തുള്ള പാലക്കാടിന് 48 പോയിന്റുണ്ട്.  33 പോയിന്‍റുള്ള കോഴിക്കോടാണ് മൂന്നാം സ്ഥാനത്ത്.  

സീനിയർ ആൺകുട്ടികളുടെ 5 കി.മീ നടത്തില്‍ കണ്ണൂർ എളയാവൂർ സ്‌കൂളിലെ മുഹമ്മദ് അഫ്ഷാനാണ് സ്വർണം. ജൂനിയർ പെൺകുട്ടികളുടെ ലോംഗ്‌ജംപില്‍ കോഴിക്കോട് പുല്ലൂരാംപാറയുടെ അഭിരാമി വി എം ഒന്നാമതെത്തി. 

15 പോയിന്‍റുള്ള കല്ലടി എച്ച് എസ് ആണ് സ്‌കൂളുകളിൽ മുന്നിൽ. ഇതേ പോയിന്‍റുമായി മണീട് ജി എച്ച് എസ് തൊട്ടുപിന്നിലുണ്ട്. 14 പോയിന്റുമായി മാർ ബേസിൽ കോതമംഗലമാണ് മൂന്നാം സ്ഥാനത്ത്. ഏറ്റവും വേഗമേറിയ താരങ്ങളെ കണ്ടെത്തുന്ന 100 മീറ്റർ ഫൈനലുകൾ 2.55ന് തുടങ്ങും. 100 മീറ്റർ ഫൈനലുകൾ ഏഷ്യാനെറ്റ് ന്യൂസിൽ തത്സമയം കാണാം.