കണ്ണൂര്‍: അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത സ്‌കൂളുകളിൽ നിന്നെത്തി നേട്ടങ്ങൾ സ്വന്തമാക്കുന്നവരാണ് യഥാർത്ഥ താരങ്ങൾ. സീനിയർ ആൺകുട്ടികളുടെ അഞ്ച് കിലോമീറ്റർ നടത്തത്തിൽ ഒന്നാമതെത്തിയ കണ്ണൂരിന്റ മുഹമ്മദ് അഫ്ഷാൻ അത്തരമൊരു താരമാണ്.

ഇല്ലായ്‌മകളിൽനിന്ന് നടന്ന് കയറിയാണ് മുഹമ്മദ് അഫ്ഷാന്റെ സ്വർണ നേട്ടം. കണ്ണൂർ ഇളയാവൂർ സിഎച്ച്എം എച്ച്‌എസ്‌എസിലെ +2 വിദ്യാർഥിയാണ് മുഹമ്മദ് അഫ്‌ഷാൻ. പരിശീലിക്കാൻ സ്‌കൂളിൽ നല്ലൊരു ഗ്രൗണ്ട് പോലുമില്ല. കൃത്യമായ പരിശീലനത്തിന് നല്ല പണച്ചിലവുണ്ട്. അതിനുള്ള സാഹചര്യവും മുഹമ്മദ് അഫ്ഷാനില്ല. സ്കൂളിലെ അധ്യാപകരുടെ പിന്തുണ മാത്രമാണ് കൈമുതൽ.

ഇന്നലെ ജൂനിയര്‍ ആൺ‌കുട്ടികളുടെ 3000 മീറ്ററിൽ ഒന്നാമതെത്തിയ പാലക്കാട് പട്ടഞ്ചേരി ഗവണ്‍മെന്‍റ് ഹൈസ്‌കൂളിലെ റിജോയ് ജെയും ഇതുപോലൊരു താരമായിരുന്നു. സ്‌കൂളിൽ നല്ല ഗ്രൗണ്ടില്ലാത്തതിനാൽ 25 കി.മീ സഞ്ചരിച്ച് പാലക്കാടെത്തിയായിരുന്നു പരിശീലനം. കായികമേളയുടെ ചരിത്രത്തില്‍ ആദ്യമായാണ് റിജോയ്‌ലൂടെ പട്ടഞ്ചേരി സ്‌കൂള്‍ ഒരു മെഡല്‍ നേടുന്നത്. 1500 മീറ്ററിലും റിജോയ് മത്സരിക്കുന്നുണ്ട്.