കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കായികമേളക്കിടെ കണ്ണൂരില്‍ ട്രാക്കിലെ പഴയ കൂട്ടുകാര്‍ കണ്ടുമുട്ടി. ഉഷ സ്‌കൂളിലെ ഒരുകാലത്തെ മെഡല്‍വേട്ടക്കാര്‍. ഒരാള്‍ പരിശീലകയുടെ റോളിലും മറ്റൊരാള്‍ കാഴ്‌ചക്കാരിയുമായാണ് മേളക്കെത്തിയത്. 

ഉഷ സ്‌കൂളിലെ മിന്നും താരങ്ങളായിരുന്നു ഒരുകാലത്ത് ശില്‍പയും നിഖിലയും. കായികമേളയില്‍ തുടര്‍ച്ചയായി വേഗറാണിയായിരുന്നു ശില്‍പ. നാല് വര്‍ഷം മുന്‍പ് വരെ 100 മീറ്ററിലെ ജൂനിയര്‍ റെക്കോര്‍ഡ് ശില്‍പയുടെ പേരിലായിരുന്നു. നിരവധി ദേശീയ-അന്തര്‍ദേശീയ മത്സരത്തില്‍ പങ്കെടുത്തു. സുഹൃത്തുക്കളെയെല്ലാം കാണാമെന്ന പ്രതീക്ഷയിലാണ് ശില്‍പ മേളയ്‌ക്കെത്തിയത്. എല്ലാവരെയും കണ്ടതില്‍ സന്തോഷമുണ്ട്. എന്നാല്‍, കായികരംഗത്തോട് വിടപറഞ്ഞതില്‍ ദുംഖമുണ്ടെന്നും ശില്‍പ പറഞ്ഞു. 

നിഖില 200, 400 മീറ്ററില്‍ സ്വര്‍ണം നേടിയ താരം. ഇത്തവണ മേളക്കെത്തിയത് കണ്ണൂർ സ്‌പോര്‍ട്‌സ് ഡിവിഷനിലെ കായികാധ്യാപകയുടെ റോളില്‍. നിഖിലയ്‌ക്കൊപ്പം 18 കുട്ടികള്‍ സംസ്ഥാന കായികമേളക്ക് എത്തിയിട്ടുണ്ട്. കായികമേളക്ക് പഴയ ആവേശമില്ലെന്ന് ഇരുവരും പറയുന്നു. എങ്കിലും സ്വന്തം നാട്ടില്‍ സംസ്ഥാന സ്‌കൂള്‍ കായികമേള എത്തിയതിന്‍റെ ആവേശത്തിലാണ് മുന്‍ താരങ്ങള്‍.