കോഴിക്കോട് നടക്കുന്ന 68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് തുടക്കമാകും. മികച്ച കായികതാരങ്ങൾക്ക് ഏഷ്യാനെറ്റ് ന്യൂസ് നൽകുന്ന 'സ്റ്റാർ ഓഫ് ദ ഡേ', 'മിന്നുംതാരം' പുരസ്കാരങ്ങൾ ഇത്തവണയുമുണ്ട്. പ്രായത്തട്ടിപ്പും മരുന്നടിയും തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.

കോഴിക്കോട്: 68-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയ്ക്ക് ഇന്ന് കോഴിക്കോട് തുടക്കം. വടക്കൻ കേരളത്തിൽ മഴ കനത്ത ആശങ്ക ഉയർത്തുന്നതിനിടെയാണ് കായികമേളയ്ക്ക് തുടക്കമാകുന്നത്. വൈകീട്ട് നാലിന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും. സ്വർണക്കപ്പ് ഘോഷയാത്രയും ദീപശിഖാ പ്രയാണവും കോഴിക്കോട് ബീച്ചിൽ സംഗമിക്കും. നാളെ മുതലാണ് മത്സരങ്ങൾ. കായിക മേളയിൽ പ്രായത്തട്ടിപ്പും മരുന്നടിയും തടയാൻ കർശന നടപടിയെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. പരാതി കിട്ടിയാൽ ബോൺ ടെസ്റ്റ് ഉൾപ്പെടെ നടത്തും. മഴ മത്സരം തടസ്സപ്പെടുത്തിയാൽ ഉച്ചഭക്ഷണ ഇടവേള വെട്ടിച്ചുരുക്കി സമയം ക്രമീകരിക്കുമെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിന്റെ 'സ്റ്റാർ ഓഫ് ദ ഡേ' പുരസ്കാരം ഇത്തവണയും

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇത്തവണയും മികച്ച താരങ്ങളെ കാത്ത് ഏഷ്യാനെറ്റ് ന്യൂസിന്റെ 'സ്റ്റാർ ഓഫ് ദ ഡേ' പുരസ്കാരമുണ്ട്. എല്ലാ ദിവസവും മികച്ച കായികതാരത്തിന് പുരസ്കാരം സമ്മാനിക്കും. വർഷങ്ങൾക്ക് മുൻപ് സ്റ്റാർ ഓഫ് ദ ഡേ പുരസ്കാരം നേടിയ ആൻസി സോജൻ ഏഷ്യൻ ഗെയിംസ് മെഡലടക്കം നേടി രാജ്യത്തിന് അഭിമാനമായത് ഏഷ്യാനെറ്റ് ന്യൂസിന്റെ തെരഞ്ഞെടുപ്പുകൾ കൃത്യമാണെന്ന് തെളിയിക്കുന്നു. മീറ്റിനൊടുവിൽ 'മിന്നുംതാരം' പുരസ്‌കാരം രണ്ടുപേർക്കും സമ്മാനിക്കും. മുൻ താരങ്ങളും കായിക വിദഗ്ദ്ധരുമടങ്ങിയ പാനലാണ് ജേതാക്കളെ തെരഞ്ഞെടുക്കുക.