ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പാക്കിയത് സുചിക തരിയാലാണ്. വനിതകളുടെ ട്രഡീഷണല്‍ മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് 60 കി.ഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് സുചിക രാജ്യത്തിന് മെഡലുറപ്പാക്കിയത്.
ഐചി-നഗോയ ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ആദ്യ മെഡല്‍ ഉറപ്പാക്കിയത് സുചിക തരിയാലാണ്. വനിതകളുടെ ട്രഡീഷണല്‍ മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് 60 കി.ഗ്രാം വിഭാഗത്തില്‍ സെമിഫൈനലില്‍ പ്രവേശിച്ചതോടെയാണ് സുചിക രാജ്യത്തിന് മെഡലുറപ്പാക്കിയത്.
ക്വാര്‍ട്ടര്‍ ഫൈനലില്‍ മംഗോളിയയുടെ അല്‍താന്‍ചിമേഗ് ബൈഗല്‍മയെ 2-0ന് പരാജയപ്പെടുത്തിയാണ് താരം സെമിയിലെത്തിയത്. ഏഷ്യന്‍ ഗെയിംസില്‍ ഇതാദ്യമായാണ് മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് ഒരു മത്സര ഇനമായി ഉള്‍പ്പെടുത്തുന്നത്. ഈ ഇനത്തില്‍ ഇന്ത്യക്കായി ആദ്യമായി ഏഷ്യാഡ് മെഡല്‍ ഉറപ്പിക്കുന്ന താരം എന്ന ഖ്യാതിയും മുപ്പത്താറുകാരിക്ക് സ്വന്തം.
പീഡനശ്രമത്തെ നേരിട്ടത് തുടക്കം....
ഹരിയാനയില്‍ നിന്നുള്ള സുചികയുടെ സ്‌പോര്‍ട്‌സ് കരിയര്‍ ആരംഭിക്കുന്നത് ജുഡോകയിലൂടെയാണ്. പിന്നീട് ജു-ജുത്സുവും കുറാഷും പരിശീലിച്ച സുചിക 2017 മുതല്‍ മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് താരമാണ്.
സുചികക്ക് മാര്‍ഷ്വല്‍ ആര്‍ട്‌സിനോട് താത്‌പര്യം വന്നത് ഒരു ദുരനുഭവത്തില്‍ നിന്നാണ്. പന്ത്രണ്ടാം വയസില്‍ ഒരു പീഡനശ്രമത്തെ നേരിടേണ്ടി വന്നു. തുടര്‍ന്നാണ് സ്വയം രക്ഷയ്‌ക്കായി ജൂഡോ പഠിക്കാന്‍ തീരുമാനിച്ചത്. സ്‌പോര്‍ട്‌സ് ഒരു കരിയറാക്കിയപ്പോള്‍ നിരന്തരം യാത്രകള്‍ ആവശ്യമായി വന്നു. ഇത് പക്ഷേ, വീട്ടിലുള്ളവരുടെ എതിര്‍പ്പിനിടയാക്കി. മുന്‍പൊരു ദുരനുഭവമുണ്ടായത് വീട്ടുകാരെ ആകുലരാക്കിയിരുന്നു. എന്നാല്‍ വൈതരണികളെയെല്ലാം അതിജീവിച്ച് സുചിക രാജ്യത്തെ പ്രധാന ജുഡോക താരമായി മാറി. ഇരുപതിലേറെ അന്താരാഷ്ട്ര മത്സരങ്ങളില്‍ രാജ്യത്തെ പ്രതിനിധാനം ചെയ്‌തു. എട്ട് തവണ ദേശീയ ജൂഡോ ചാമ്പ്യനായ സുചികക്ക് അന്താരാഷ്ട്ര തലത്തിലും മെഡലുകള്‍ ലഭിച്ചു.
കോമണ്‍വെല്‍ത്തില്‍ സ്വര്‍ണം...
2019 കോമണ്‍വെല്‍ത്ത് ജുഡോ ചാമ്പ്യന്‍ഷിപ്പിലും അതേ വര്‍ഷം സൗത്ത് ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടിയതാണ് കരിയറിലെ വലിയ നേട്ടം. 2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ വെള്ളിയും നേടിയിരുന്നു. ജു-ജിത്സു ഇനത്തില്‍ 2024 ല്‍ 63 കിലോഗ്രാം വിഭാഗത്തില്‍ ലോകചാമ്പ്യനായിരുന്നു സുചിക. ജുഡോയിലും ജ്യു-ജിത്സുവിലും ഒരുപോലെ തിളങ്ങിയ സുചികക്ക് മിക്‌സഡ് മാര്‍ഷ്വല്‍ ആര്‍ട്‌സ് മത്സര ഇനം വെല്ലുവിളി ആയില്ല. 2017 ല്‍ എംഎംഎയില്‍ അരങ്ങേറിയെങ്കി്‌ലും അതില്‍ തുടര്‍ന്നില്ല. ജുഡോയും ജ്യു-ജിത്സുവും തന്നെയായിരുന്നു പ്രധാന മത്സര ഇനങ്ങള്‍. എന്നാല്‍, 2014 ല്‍ എംഎംഎയിലേക്ക് തിരിച്ചുവന്നു. ബ്രേവ്‌് കോംബാറ്റ് ഫെഡറേഷനുമായി കരാര്‍ ഒപ്പുവെച്ച സുചിക ബഹ്‌റൈനില്‍ മത്സരിക്കാനിറങ്ങി. വിജയത്തോടെ ഗംഭീര തിരിച്ചുവരവായിരുന്നു എം എം എയിലേക്ക് സുചിക നടത്തിയത്. അവിടെ മത്സരിച്ചതിന്റെ ഗുണം സുചികക്ക് ഏഷ്യന്‍ ഗെയിംസില്‍ ലഭിച്ചു.
സിഐഎസ്‌എഫ് ഹെഡ് കോണ്‍സ്‌റ്റബിള്‍ ആയിരുന്ന സുചിക ഇപ്പോള്‍ ഹരിയാന കായികവകുപ്പില്‍ ജൂനിയര്‍ കോച്ചായി പ്രവര്‍ത്തിക്കുകയാണ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് ലിങ്ക്: https://www.youtube.com/live/s0LLVQeMmtU?si=31j3tChnat66QzkK
