ന്യൂയോര്‍ക്ക്: റെസ്‌ലിംഗ് റിംഗിലെ ഇതിഹാസവും തലമുറകളെ ത്രസിപ്പിച്ച താരവുമായ അണ്ടര്‍ടേക്കര്‍ വിരമിച്ചു. മൂന്ന് പതിറ്റാണ്ടോളം ഡബ്ല്യുഡബ്ല്യുഇയില്‍ (വേള്‍ഡ് റെസ്‌ലിംഗ് എന്‍ര്‍ടെയ്ന്‍മെന്റ്) ഡെഡ് മാന്‍ എന്നറിയിപ്പെട്ടിരുന്ന അണ്ടര്‍ടേക്കറുടെ യഥാര്‍ത്ഥ പേര് മാർക്ക് വില്ല്യം കൽവെ എന്നാണ്.  ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് 55കാരനായ അണ്ടര്‍ടേക്കര്‍ വിരമിക്കല്‍ വിവരം ആരാധകരുമായി പങ്കുവെച്ചത്. മണി മുഴക്കി, ശവപ്പെട്ടി തുറന്ന് പുകച്ചുരുളുകള്‍ക്കിടയിലൂടെ റിംഗിലേക്കുള്ള അണ്ടര്‍ടേക്കറുടെ കടന്നുവരവ് ആരാധകരെ എക്കാലത്തും ആവേശക്കൊടുമുടിയില്‍ എത്തിച്ചിരുന്നു.ഉചിതമായ സമയത്താണ് വിരമിക്കാൻ തീരുമാനിച്ചതെന്നും ഇനി തിരികെ വരാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ഡബ്ല്യുഡബ്ല്യുഇയും ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലൂടെ അണ്ടര്‍ടേക്കറുടെ വിരമിക്കല്‍ വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.റസല്‍മാനിയ 36ല്‍ എ ജെ  സ്റ്റെല്‍സിനെതിരെ ആയിരുന്നു അദ്ദേഹത്തിന്റെ അവസാന മത്സരം.

ഏഴ് തവണ ഡബ്ല്യുഡബ്ല്യുഇ ചാമ്പ്യനായിട്ടുള്ള അണ്ടര്‍ടേക്കര്‍ ആറ് തവണ ടാഗ് ടീം കിരീടം സ്വന്തമാക്കി.ഒരു തവണ റോയല്‍ റംബിള്‍ വിജയിയുമായിരുന്നു. 12 തവണ സ്ലാമി അവാർഡും നേടിയിട്ടുണ്ട്. അമേരിക്കയുടെ പ്രൊഫഷണൽ റെസ്‌ലിംഗ് താരമായിരുന്ന അദ്ദേഹം 1990ലാണ് ഡബ്ല്യുഡബ്ല്യുഇയിലേക്ക് കളം മാറിയത്.റസൽമാനിയയിൽ അദ്ദേഹം കുറിച്ച തുടർച്ചയായ 21 വിജയങ്ങൾ ഒരു റെക്കോർഡ് ആണ്. റസല്‍മാനിയ 30ലാണ് അദ്ദേഹത്തിന്റെ അപരാജിത കുതിപ്പ് അവസാനിച്ചത്. അന്ന് ബ്രോക്ക് ലെസ്നറാണ് അണ്ടര്‍ടേക്കറെ ഇടിച്ചിട്ടത്. 2018 ൽ ജോൺ സീനയെ മൂന്ന് മിനിട്ടിൽ പരാജയപ്പെടുത്തിയതും അദ്ദേഹത്തിന്റെ കരിയറിലെ സുപ്രധാന നേട്ടമായിരുന്നു. ഇടക്ക് അദ്ദേഹം ഇടിക്കൂട്ടിൽ നിന്ന് വിട്ടു നിന്നെങ്കിലും ഏറെ വൈകാതെ ശക്തമായി തിരികെ എത്തിയിരുന്നു.