ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ നൂറിലധികം വര്‍ഷത്തെ കാത്തിരിപ്പാണ് നീരജ് അവസാനിപ്പിച്ചത്

കാലിഫോര്‍ണിയ: ജാവലിൻ ത്രോയിൽ (Javelin) 90 മീറ്റർ ദൂരം മറികടക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഒളിംപിക് ചാമ്പ്യൻ (Olympic Champion) നീരജ് ചോപ്ര (Neeraj Chopra). ടോക്കിയോ ഒളിംപിക്‌സ് (Tokyo 2020 Summer Olympics) തന്‍റെ ജീവിതം മാറ്റിമറിച്ചുവെന്നും അമേരിക്കയിൽ പരിശീലനം നടത്തുന്ന നീരജ് ചോപ്ര പറഞ്ഞു.

ഒളിംപിക് ട്രാക്ക് ആന്‍ഡ് ഫീല്‍ഡില്‍ ഇന്ത്യയുടെ നൂറിലധികം വര്‍ഷത്തെ കാത്തിരിപ്പാണ് നീരജ് അവസാനിപ്പിച്ചത്. ടോക്കിയോയില്‍ നീരജ് ചോപ്ര 87.5 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം വീഴ്ത്തിയപ്പോള്‍ ചരിത്രം പിറന്നു. അഭിനവ് ബിന്ദ്രക്ക് ശേഷം ഒളിംപിക് വ്യക്തിഗതയിനത്തില്‍ സ്വര്‍ണം നേടുന്ന ഇന്ത്യന്‍ കായികതാരവുമായി നീരജ്. നീരജിന്‍റെ സ്വര്‍ണനേട്ടത്തോടെ ഇന്ത്യ ഒളിംപിക് ചരിത്രത്തിലെ ഏറ്റവും മികച്ച സ്ഥാനം സ്വന്തമാക്കി.

ടോക്കിയോ ഗെയിംസില്‍ ആദ്യ ശ്രമത്തില്‍ 87.03 മീറ്റര്‍ ദൂരം എറിഞ്ഞ് ഒന്നാമതെത്തിയ നീരജ് രണ്ടാം ശ്രമത്തില്‍ 87.58 മീറ്റര്‍ ദൂരം പിന്നിട്ട് സ്ഥാനം നിലനിര്‍ത്തി. മൂന്നാം ശ്രമത്തില്‍ 76.79 മീറ്ററെ താണ്ടിയുള്ളൂവെങ്കിലും അവസാന റൗണ്ടിലേക്ക് ഒന്നാമനായി തന്നെ നീരജ് യോഗ്യത നേടി. അവസാന മൂന്ന് റൗണ്ടിലെ നീരജിന്‍റെ നാലാമത്തെയും അഞ്ചാമത്തെയും ശ്രമങ്ങള്‍ ഫൗളായെങ്കിലും പിന്നീടാരും നീരജിനെ വെല്ലുന്ന ത്രോ പുറത്തെടുത്തില്ല.

സ്വര്‍ണനേട്ടത്തില്‍ നീരജ് ചോപ്രയെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുള്‍പ്പടെയുള്ളവര്‍ അഭിനന്ദിച്ചിരുന്നു. നീരജിന്‍റെ സ്വര്‍ണനേട്ടം ടോക്കിയോ ഒളിംപിക്‌സിലെ ഏറ്റവും മികച്ച 10 സുവര്‍ണ നിമിഷങ്ങളിലൊന്നായി വേള്‍ഡ് അത്‌ലറ്റിക്‌സ് തെരഞ്ഞെടുത്തിരുന്നു. ഇരുപത്തിനാലുകാരനായ നീരജ് ചോപ്ര കരസേനയിൽ സുബേദാറാണ്. 2106ലാണ് നീരജ് സ്‌പോർട്‌സ് ക്വാട്ടയിൽ സൈന്യത്തിൽ ചേർന്നത്.

Neeraj Chopra : ഇഷ്ടഭക്ഷണം വെജിറ്റബിള്‍ ബിരിയാണി, വിദ്യാര്‍ഥികളുമായി സംവദിച്ച് നീരജ് ചോപ്ര