കൊച്ചി: ടോക്യോ ഒളിംപിക്സിന് തയ്യാറെടുക്കുന്ന മലയാളി അത്‍ലറ്റ് വി.കെ.വിസ്മയയ്ക്ക് രണ്ട് സ്വപ്നങ്ങളുണ്ട്. ആദ്യത്തേത് ഒളിംപിക് മെഡലും രണ്ടാമത്തേത് സ്വന്തമായൊരു വീടും. ഏഷ്യൻ ഗെയിംസില്‍ സ്വര്‍ണ്ണം നേടിയപ്പോള്‍, വീട് നിര്‍മ്മിച്ച് നല്‍കുമെന്ന് ഡിവൈഎഫ്ഐ വാഗ്ദ്ധാനം ചെയ്തെങ്കിലും സ്ഥലം വാങ്ങലിൽ ഒതുങ്ങി. കല്ലിന്റെ അഭാവം മൂലമാണ് പണി തുടങ്ങാത്തതെന്നാണ് ഡിവൈഎഫ്ഐയുടെ വിശദീകരണം.

കോതമംഗലത്തെ വാടകവീട്. സ്വന്തമായൊരു വീടിനെക്കുറിച്ച് ഓര്‍ക്കുമ്പോഴെല്ലാം വി.കെ. വിസ്മയ മൊബൈല്‍ ഫോണ്‍ എടുക്കും. പഴയ വാര്‍ത്തകള്‍ ഒന്നുകൂടി വായിക്കും. കഴിഞ്ഞ സെപ്റ്റംബറിലാണ് ഏഷ്യൻ ഗെയിംസ് 400 മീറ്റര്‍ റിലേയില്‍ സ്വര്‍ണ്ണം നേടിയത്. പിന്നാലെ കോതമംഗലത്ത് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായിരുന്ന എം. സ്വരാജ്, ആന്റണി ജോണ്‍ എംഎല്‍എ തുടങ്ങിയവരൊക്കെ പങ്കെടുത്ത പൊതുയോഗത്തിലാണ് വീട് നിര്‍മിച്ചു നല്‍കുമെന്ന ഡിവൈഎഫ്ഐ വാഗ്ദാനം ചെയ്തത്.

പിന്നെയും വീടിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ വാടകവീടിനോട് ചേര്‍ന്ന് വാങ്ങിയിട്ടിരിക്കുന്ന 10 സെന്റ് സ്ഥലത്തേക്ക് പോകും.ദോഹയില്‍ നടന്ന ലോക ചാമ്പ്യൻഷിപ്പില്‍ മിക്സഡ് റിലേയില്‍ ഫൈനലിലെത്തിയതോടെയാണ് അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഒളിംപിക്സിലേക്ക് യോഗ്യത നേടിയത്.

അന്ന് മെ‍ഡലുമായി വരുമ്പോള്‍ സൂക്ഷിച്ചുവെക്കാൻ നല്ലൊരു വീട് വേണം. ഇല്ലെങ്കില്‍ ഏഷ്യൻ ഗെയിംസില്‍ ലഭിച്ച മെഡലിനോടൊപ്പം ഈ പ്ലാസ്റ്റിക് കവറില്‍ സൂക്ഷിക്കേണ്ടിവരും. കണ്ണൂര്‍ സ്വദേശിയായ വി.കെ. വിസ്മയ കോതമംഗലം സെന്റ് ജോര്‍ജ് സ്കൂളിലെത്തിയതോടെയാണ് കായിക രംഗത്തെ കുതിപ്പ് തുടങ്ങിയത്.