മുംബൈ: അന്തരിച്ച ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗ് സീനിയറിന് ആദരാഞ്ജലികളുമായി ഇന്ത്യന്‍ കായികലോകം.ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലി, ഇന്ത്യന്‍ ഹോക്കി ടീം ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷ്, പി ടി ഉഷ, ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ രവി ശാസ്ത്രി, ഹര്‍ഭജന്‍ സിംഗ്, ഒളിംപിക് സ്വര്‍ണമെഡല്‍ ജേതാവ് അഭിനവ് ബിന്ദ്ര തുടങ്ങി നിരവധി പ്രമുഖരാണ് ഇന്ത്യന്‍ കായികലോകത്തെ ആദ്യ സൂപ്പര്‍താരത്തിന് ആദരാഞ്ജലികളര്‍പ്പിച്ചത്.

ബല്‍ബിര്‍ സിംഗിന്റെ വിയോഗവാര്‍ത്ത തന്നെ  ദു:ഖത്തിലാഴ്ത്തുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും കോലി ട്വിറ്ററില്‍ കുറിച്ചു.

ഹോക്കി ഇതിഹാസം ബല്‍ബീര്‍ സിംഗിന്റെ അകാലത്തിലെ വിയോഗം തന്നെ ഞെട്ടിച്ചുവെന്ന് മലയാളി ഹോക്കി താരം പി ആര്‍ ശ്രീജേഷ് കുറിച്ചു. അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നുവെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും ശ്രീജേഷ് കുറിച്ചു.

ബല്‍ബിര്‍ സിംഗിന്റെ വിയോഗവാര്‍ത്തയില്‍ മലയാളി താരം പി ടി ഉഷയും ദു:ഖം രേഖപ്പെടുത്തി. കായികതാരമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും മാതൃകാപുരുഷനായിരുന്നു അദ്ദേഹമെന്നും അദ്ദേഹത്തിന്റെ കരങ്ങളാണ് തന്റെ കായിക ജീവിതത്തിന് കൂടുതല്‍ കരുത്ത് നല്‍കിയതെന്നും ഉഷ വ്യക്താമാക്കി.

ബല്‍ബീര്‍ സിംഗിനെ നേരില്‍ക്കാണണമെന്നും അദ്ദേഹത്തൊടൊപ്പം ഒറു ഫോട്ടോ എടുക്കണമെന്നതും തന്റെ ദീര്‍ഘകാലമായുള്ള ആഗ്രഹമായിരുന്നുവെന്ന് അത്‌ലറ്റ് ഹീന സിദ്ദു പറഞ്ഞു. പലപ്പോഴും അടുത്തെത്തിയിട്ടും അതിന് കഴിയാതെ പോയി. വീണ്ടും കാണുന്നതുവരെ ഇപ്പോള്‍ അദ്ദേഹം നമ്മുടെ ഓര്‍മകളില്‍ മാത്രമാണെന്നും ഹിന സിദ്ദു പറഞ്ഞു.

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഒളിംപ്യന്‍മാരിലൊരാളും മാതൃകാപുരുഷനുമായി ബല്‍ബീര്‍ സിംഗിന്റെ വിയോഗത്തില്‍ അഗാധ ദു:ഖം രേഖപ്പെടുത്തുന്നുവെന്ന് അഭിനവ് ബിന്ദ്ര കുറിച്ചു. ബല്‍ബിറിനെപ്പോലുള്ള പ്രതിഭകള്‍ അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്നതാണെന്നും അദ്ദേഹത്തെ അടുത്ത് അറിയാനായി എന്നത് വലിയ ബഹുമതിയായി കാണുന്നുവെന്നും ബിന്ദ്ര പറഞ്ഞു.