ദില്ലി: പാകിസ്ഥാനിലേക്ക് പോകുന്നില്ലെന്ന് രോഹന്‍ ബൊപ്പണ്ണയും അറിയിച്ചതോടെ അയല്‍ക്കാര്‍ക്കെതിരായ ഡേവിസ് കപ്പ് ടെന്നീസ് എവേ മത്സരങ്ങളില്‍ പരിചിതമുഖമായി ലിയാന്‍ഡര്‍ പെയ്‌സ് മാത്രമാകും. മഹേഷ് ഭൂപതി നേരത്തെതന്നെ പിന്മാറിയിരുന്നു. പാകിസ്ഥാനുമായുള്ള നയതന്ത്രബന്ധം ഏറ്റവും വഷളായ സാഹചര്യത്തില്‍ പോകേണ്ട എന്ന നിലപാടിലെത്തുകയായിരുന്നു ബൊപ്പണ്ണയും ഭൂപതിയും. സുരക്ഷാപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ഇരുവരും പിന്മാറിയത്. 

ഭൂപതിയും ബൊപ്പണ്ണയും പിന്മാറിയ സാഹചര്യവും ലിയാന്‍ഡര്‍ പെയ്‌സ് പോകാനുള്ള സാഹചര്യവും ചര്‍ച്ചയാവുകയാണ്. സ്‌പോര്‍ട്‌സിന് രാഷ്‌ട്രീയമില്ല എന്ന നിലപാടാണ് പെയ്‌സ് പ്രഖ്യാപിക്കുന്നത്. സമീപകാലത്ത് ശ്രീലങ്കന്‍ ക്രിക്കറ്റ് ടീം പാകിസ്ഥാനില്‍ പര്യടനം നടത്തിയിരുന്നു. സുരക്ഷാപ്രശ്‌നങ്ങളേതുമുണ്ടായില്ല താനും. മുന്‍നിര താരങ്ങളും നോണ്‍പ്ലേയിംഗ് ക്യാപ്റ്റന്‍ മഹേഷ് ഭൂപതിയും സുരക്ഷാ കാരണങ്ങളാല്‍ പിന്മാറിയതോടെയാണ് പെയ്‌സിനെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താന്‍ അഖിലേന്ത്യാ ടെന്നീസ് അസോസിയേഷന്‍ തീരുമാനിച്ചത്. അടുത്ത മാസം 29നും 30നും ഇസ്ലാമാബാദിലാണ് മത്സരം. എവിടെയും കളിക്കാന്‍ തയ്യാറെന്ന് പെയ്‌സ് വ്യക്തമാക്കിയിരുന്നു. പെയ്‌സിനെ പ്ലേയിംഗ് ക്യാപ്റ്റനാക്കാനും സാധ്യതയുണ്ട്.

ഭൂപതിയുമായി ഭിന്നതയിലുള്ള പെയ്‌സിനെ ഒരു വര്‍ഷമായി ഡേവിസ് കപ്പിന് പരിഗണിച്ചിരുന്നില്ല. ഡേവിസ് കപ്പ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ മത്സരം ജയിച്ചിട്ടുള്ള താരമാണ് പെയ്‌സ്. പരിശീലകന്‍ സീഷന്‍ അലി, താരങ്ങളായ സാകേത് മയ്‌നേനി, ശ്രീറാം ബാലാജി,സിദ്ദാര്‍ഥ് റാവത്ത്, മനീഷ് സുരേഷ്‌കുമാര്‍,മാനേജര്‍ സുന്ദര്‍ നാരായണ്‍ അയ്യര്‍ തുടങ്ങിയവരും പാക്കിസ്ഥാനിലേക്ക് പോകും. ബൊപ്പണ്ണയ്ക്കും ഭൂപതിക്കുമൊപ്പം രാംകുമാര്‍ രാമനാഥന്‍, സുമിത് നഗല്‍, ശശികുമാര്‍ മുകുന്ദ് എന്ന് മുന്‍നിര താരങ്ങളും പാകിസ്ഥാനിലേക്കു പോകില്ലെന്ന് അറിയിച്ചിട്ടുണ്ട്. 

ഇതോടെ ടെന്നീസ് അസോസിയേഷന്‍ ധര്‍മസങ്കടത്തിലായി. സുരക്ഷാപ്രശ്‌നങ്ങളും നയതന്ത്രവിഷയവുമായതിനാല്‍ താരങ്ങളെ നിര്‍ബന്ധിക്കാന്‍ അസോസിയേഷനാവില്ലതാനും. നവംബര്‍ നാലിനു മുമ്പ് അന്തിമ ടീമിനെ പ്രഖ്യാപിക്കേണ്ടതുണ്ട്. വിസാകാര്യങ്ങള്‍ ശരിയാക്കുന്നതിനായി ഡേവിസ് കപ്പില്‍ പങ്കെടുക്കുന്ന താരങ്ങളുടെ വിവരങ്ങള്‍ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രാലയത്തിനു കൈമാറിയതായാണ് വിവരം. 

നാല്‍പത്താറുകാരനായ പെയ്‌സ് 2018 ഏപ്രിലിലാണ് അവസാനമായി ഡേവിസ് കപ്പ് കളിക്കുന്നത്. ചൈനയ്‌ക്കെതിരായ പോരാട്ടത്തില്‍ ഡബിള്‍സില്‍ ഉജ്വല വിജയമാണ് പെയ്‌സ് സഖ്യം നേടിയത്. അതിനിടെ, ക്രിക്കറ്റിനെ മാത്രം ഒരു നയതന്ത്ര വിഷയമായി കാണുന്നതിനെതിരെ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.