വിംബിൾഡൺ പുരുഷ സിംഗിൾസ് ഫൈനലിൽ യാനിക് സിന്നറും കാർലോസ് അൽകാരസും ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യനായ അൽകാരസ് ഹാട്രിക് കിരീടം ലക്ഷ്യമിടുമ്പോൾ, ആദ്യ കിരീടം നേടാനുള്ള ശ്രമത്തിലാണ് സിന്നർ.

ലണ്ടൻ: വിംബിൾഡൺ പുരുഷ സിംഗിൾസ് ചാമ്പ്യനെ ഇന്നറിയാം. കിരീടപ്പോരാട്ടത്തിൽ യാനിക് സിന്നറും കാർലോസ് അൽകാരസും ഏറ്റുമുട്ടും. വിംബിൾഡൺ കിരീടപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യനും ലോക ഒന്നാം നമ്പർ താരവും നേർക്കുനേർ. അൽകാരസ് ഹാട്രിക് കിരീടം ലക്ഷ്യമിടുന്പോൾ ആദ്യ കിരീടമുയർത്താൻ സിന്നർ. ഏഴ് തവണ ചാമ്പ്യനായ നൊവാക് ജോകോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്താണ് സിന്നറുടെ ഫൈനൽ പ്രവേശം.

അൽകാരസ് സെമിയിൽ ടൈലർ ഫ്രിറ്റ്സിനെ തോൽപിച്ചത് ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്ക്. തുട‍ർച്ചയായ രണ്ടാം ഗ്രാൻസ്ലാം ഫൈനലിലാണ് സിന്നറും അൽകാരസും നേർക്കുനേർ വരുന്നത്. ഫ്രഞ്ച് ഓപ്പൺ കിരീടപോരാട്ടത്തിലെ തോൽവിക്ക് പകരം വീട്ടുകയാണ് സിന്നറുടെ ലക്ഷ്യം. ആദ്യരണ്ട് സെറ്റ് നേടിയിട്ടും അൽകാരസിന്‍റെ കരുത്തിനിനെ ഇറ്റാലിയൻ താരത്തിന് അതിജീവിക്കാനായില്ല.

ഇക്കുറി ഒറ്റ സെറ്റുപോലും നഷ്ടപ്പെടുത്താതെയാണ് സിന്നർ കിരീടപ്പോരിന് ഇറങ്ങുന്നത്. പക്ഷേ പ്രധാന ഫൈനലുകളിൽ തോറ്റിട്ടില്ലെന്ന അൽകാരസിന്‍റെ വെല്ലുവിളി മറികടക്കുക സിന്നറിന് എളുപ്പമാവില്ല. ഫ്രഞ്ച് ഓപ്പണ്‍ ഫൈനലില്‍ അല്‍കാരസിന്‍റെ സര്‍വില്‍ മൂന്ന് മാച്ച് പോയന്‍റുകളുണ്ടായിട്ടും സിന്നര്‍ക്ക് അടിയറവ് പറയേണ്ടിവന്നിരുന്നു. പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളില്‍ അല്‍ക്കാരസ് എട്ട് വിജയങ്ങളുമായി മുന്നില്‍ നില്‍ക്കുമ്പോള്‍ സിന്നറുടെ പേരില്‍ നാലു ജയങ്ങളാണുള്ളത്. അല്‍കാരസിനെതിരെ സിന്നര്‍ അവസാനം ജയിച്ചതാകട്ടെ രണ്ട് വര്‍ഷം മുമ്പും. എന്നാല്‍ പുല്‍ക്കോര്‍ട്ടില്‍ അവസാനം കണ്ടുമുട്ടിയപ്പോള്‍ ജയം സിന്നര്‍ക്കൊപ്പമായിരുന്നു. 2022ലെ വിംബിള്‍ഡൺ നാലാം റൗണ്ടിലായിരുന്നു ഇത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക