ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ പ്രതീക്ഷയുമായി 16 അംഗ ഇന്ത്യന്‍ ഗുസ്തി ടീം മത്സരിക്കാനൊരുങ്ങുന്നു. ലോക ഒന്നാം നമ്പര്‍ താരം അന്തിം പാംഗല്‍ അടക്കമുള്ളവര്‍ സ്വര്‍ണം ലക്ഷ്യമിടുമ്പോള്‍, കഴിഞ്ഞ തവണത്തെ ആറ് മെഡലുകളെന്ന നേട്ടം മെച്ചപ്പെടുത്താനാണ് ടീം ശ്രമിക്കുന്നത്.

ടോക്കിയോ: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയുടെ ഉറച്ച മെഡല്‍ പ്രതീക്ഷകളാണ് ഗുസ്തി താരങ്ങള്‍. കഴിഞ്ഞ ഏഷ്യാഡിലെ അനുഭവ പരിചയവും ജാപ്പനീസ് കോച്ച് അടക്കമുള്ള സൗകര്യങ്ങളും ഇത്തവണ തുണയാകുമെന്ന് 53 കിലോ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമായ അന്തിം പാംഗല്‍ ദില്ലിയില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ജപ്പാനിലെ ഗോദയിലും മെഡല്‍ വാരാന്‍ ഇന്ത്യയുടെ ഗുസ്തി സംഘം. ഇന്ത്യ അണിനിരത്തുന്നത് ആറ് വനിതകളടക്കം 16 താരങ്ങളെ. അവസാന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ അന്തിം പങ്കല്‍ ഇത്തവണ സ്വര്‍ണം ഉറപ്പിച്ചുതന്നെയാണ്.

ജാപ്പനീസ് കോച്ച് കൊസൈ അകൈഷിയുടെ ശിക്ഷണത്തിലാണ് ഇത്തവണ അന്തിം ഇറങ്ങുന്നത്. കഴിഞ്ഞ ഏഷ്യാഡ് ഗുസ്തിയില്‍ ഇന്ത്യ നേടിയത് ആറ് മെഡല്‍. എങ്കിലും സ്വര്‍ണത്തിളക്കം ഇല്ലാതിരുന്നത് നിരാശയായിരുന്നു. ഇക്കുറി ഈ കുറവുകളെല്ലാം നികത്തുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഇന്ത്യന്‍ സംഘം. അന്തിം പങ്കലിനൊപ്പം 65 കിലോ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കുന്ന സുജീത് കല്‍ക്കല്‍, 57 കിലോ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കുന്ന അമന്‍ ഷെരാവത്ത്, 97 കിലോ ഫ്രീസ്‌റ്റൈലില്‍ മത്സരിക്കുന്ന ദീപക് പൂനിയ എന്നിവരും ഇന്ത്യയുടെ സ്വര്‍ണ പ്രതീക്ഷയാണ്.

ഹര്‍മന്‍പ്രീതും സംഘവും ഇന്നിറങ്ങും

വനിതാ ഏഷ്യാകപ്പ് ട്വന്റി 20 ക്രിക്കറ്റില്‍ ഫൈനല്‍ ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങും. ദുബായില്‍ ഇന്ത്യന്‍ സമയം രാത്രി എട്ടിന് തുടങ്ങുന്ന സെമിയില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളികള്‍. എട്ടാം കിരീടമാണ് തോല്‍വി അറിയാതെ മുന്നേറുന്ന ഇന്ത്യയുടെ ലക്ഷ്യം. ഗ്രൂപ്പ് ഘട്ടത്തില്‍ പാകിസ്ഥാന്‍, തായ്‌ലന്‍ഡ്, ഹോങ്കോംഗ് എന്നിവരെ തകര്‍ത്താണ് ഹര്‍മന്‍പ്രീത് കൗറിന്റെയും സംഘത്തിന്റേയും മുന്നേറ്റം. രണ്ടാം സെമിയില്‍ പാകിസ്ഥാന്‍ നാളെ ശ്രീലങ്കയെ നേരിടും.

YouTube video player