Asianet News MalayalamAsianet News Malayalam

'വീണ്ടും സമരം, ഏഷ്യന്‍ ഗെയിംസില്‍ നിന്ന് വിട്ടുനില്‍ക്കും'; കടുത്ത മുന്നറിയിപ്പുകളുമായി ഗുസ്‌തി താരങ്ങള്‍

ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളാണ് താരങ്ങള്‍ ഉയർത്തുന്നത്

wrestlers protest against brij bhushan sharan singh Sakshi Malik Hints Asian Games walkout jje
Author
First Published Jun 10, 2023, 3:55 PM IST

ദില്ലി: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരായ പ്രതിഷേധം കടുപ്പിക്കാന്‍ ഗുസ്‌തി താരങ്ങള്‍. പ്രശ്‌നത്തിന് പരിഹാരമായാല്‍ മാത്രമേ ഏഷ്യന്‍ ഗെയിംഗില്‍ മത്സരിക്കൂ എന്ന് സൂപ്പര്‍ താരം സാക്ഷി മാലിക് വ്യക്തമാക്കി. കടുത്ത മാനസിക സമ്മര്‍ദത്തിലൂടെയാണ് കടന്നുപോകുന്നത് എന്ന് സാക്ഷി കൂട്ടിച്ചേര്‍ത്തു. ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്‌തില്ലെങ്കില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ബജ്‌റംഗ് പൂനിയ മുന്നറിയിപ്പ് നല്‍കി. സർക്കാരുമായി നടത്തിയ ചർച്ചകളെ കുറിച്ച് വിശദീകരിക്കാനും തുടര്‍ സമര പരിപാടികളെ കുറിച്ച് തീരുമാനിക്കാനും താരങ്ങള്‍ ഹരിയാനയില്‍ മഹാപഞ്ചായത്ത് വിളിച്ചിട്ടുണ്ട്

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

എന്നാല്‍ ബ്രിജ് ഭൂഷന്‍റെ അറസ്റ്റ് വൈകിയതോടെ താരങ്ങള്‍ പ്രതിഷേധവുമായി ജന്തർ മന്തറില്‍ ഇറങ്ങി. വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്തർ മന്തറിലുണ്ടായിരുന്നത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ചിരുന്നു. താരങ്ങളെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു. ഇതിന് ശേഷം മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക നേതാക്കള്‍ ഇടപെട്ട് താരങ്ങളെ പിന്തരിപ്പിക്കുകയായിരുന്നു. തിരികെ ജോലിയില്‍ പ്രവേശിച്ചെങ്കിലും സമരത്തില്‍ നിന്ന് ഒരു ചുവട് പോലും പിന്നോട്ടില്ലെന്ന് വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്കും നേരത്തെ വ്യക്തമാക്കിയിരുന്നു. 

കുറ്റാരോപിതനായ ബ്രിജ് ഭൂഷന്‍ സമീപത്തുള്ളപ്പോള്‍ നടത്തിയ തെളിവെടുപ്പ് ഭയപ്പെടുത്തിയെന്ന് പരാതിക്കാരിയായ ഗുസ്തി താരം ഇന്ന് വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്നലെയാണ് പരാതിക്കാരായ ഗുസ്‌തി താരങ്ങളെ ദില്ലിയിലെ ഗുസ്‌തി ഫെഡറേഷന്‍ ഓഫീസില്‍ എത്തിച്ച് ദില്ലി പൊലീസ് തെളിവെടുപ്പ് നടത്തിയത്. ഗുസ്തി ഫെഡറേഷൻ ഓഫീസും ബ്രിജ് ഭൂഷനിന്‍റെ വസതിയും ഒരേ വളപ്പില്‍ ആണ്. ഇന്നലെ വസതിയില്‍ ബ്രിജ് ഭൂഷന്‍ ഉള്ളപ്പോഴായിരുന്നു പൊലീസിന്‍റെ നടപടിയെന്നാണ് പരാതിക്കാരുടെ ആരോപണം. പൊലീസിനോട് ചോദിച്ചപ്പോള്‍ ആരുമില്ലെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ ബ്രിജ് ഭൂഷന്‍ വസതിയിലുണ്ടെന്നത് ഭയപ്പെടുത്തിയെന്ന് പരാതിക്കാർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിഷയത്തില്‍ ദില്ലി പൊലീസ് പ്രതികരിച്ചിട്ടില്ല. കർഷക നേതാക്കള്‍ പങ്കെടുക്കുന്ന യോഗത്തില്‍ സാക്ഷി മാലിക്കും ബജ്‌റംഗ് പൂനിയയും പങ്കെടുക്കും.

Read more: 'തെളിവെടുപ്പിന് എത്തിച്ചപ്പോൾ ബ്രിജ് ഭൂഷണെ കണ്ട് ഭയന്നു'; പരാതിക്കാരി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios