Asianet News MalayalamAsianet News Malayalam

ലൈംഗികാതിക്രമ കേസ്:പ്രായപൂർത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണെതിരെ നല്‍കിയ മൊഴി പിൻവലിച്ചുവെന്ന് റിപ്പോർട്ട്

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്താനൊരുങ്ങുകയാണ് പൊലീസ്.സമരം നിർത്താൻ താരങ്ങൾക്ക് മേൽ സമ്മർദം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെ പരാതിയില്‍ മൊഴി രേഖപ്പെടുത്താനായി പൊലീസ് സംഘം ബ്രിജ് ഭൂഷണ്‍ ശരണിന്‍റെ വസതിയിലെത്തി.

Wrestlers Protest: Minor wrestler withdraws the sexual harassment allegations against Brij Bhushan reports gkc
Author
First Published Jun 6, 2023, 10:00 AM IST

ദില്ലി: ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരായ ലൈംഗിക അതിക്രമ പരാതിയില്‍ പ്രായപൂർത്തിയാകാത്ത പരാതിക്കാരി നല്‍കിയ മൊഴി പിൻവലിച്ചതായി റിപ്പോർട്ട്. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരി ബ്രിജ് ഭൂഷണെതിരെ മജിസ്ട്രേറ്റിനും പൊലീസിനും മുമ്പാകെ രണ്ട് മൊഴികള്‍ നല്‍കിയിരുന്നു. ഇതാണ് ഇപ്പോള്‍ പിന്‍വലിക്കുന്നത്. സിആര്‍പിസി നിയമത്തിലെ 164-ാം വകുപ്പ് അനുസരിച്ച് മജിസ്ട്രേറ്റിന് മുന്നില്‍ പുതിയ മൊഴി നല്‍കാനായാണ് നേരത്തെ നല്‍കിയ രണ്ട് മൊഴികള്‍ പരാതിക്കാരി പിന്‍വലിക്കുന്നതെന്ന് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ ബ്രിജ് ഭൂഷണെതിരെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതി പിൻവലിച്ചിട്ടില്ലെന്ന് ഇന്നലെ ഗുസ്തി താരങ്ങൾ വ്യക്തമാക്കി.

അതേസമയം, പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയുടെ മൊഴി വീണ്ടും രേഖപ്പെടുത്തുമെന്നാണ് പൊലീസും വ്യക്തമാക്കി. സമരം നിർത്താൻ ഗുസ്തി താരങ്ങൾക്ക് മേൽ സമ്മർദം ശക്തമാണെന്ന ആരോപണം നിലനില്‍ക്കെ ബ്രിജ് ഭൂഷണെതിരെ അവര്‍ നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്താനായി ദില്ലി പൊലീസ് സംഘം ഇന്ന് ബ്രിജ് ഭൂഷണ്‍ ശരണിന്‍റെ വസതിയിലെത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ ഗോണ്ട ജില്ലയിലുള്ള ബ്രിജ് ഭൂഷണിന്‍റെ വസതിയിലെത്തിയ പൊലീസ് 12 പേരുടെ മൊഴി രേഖപ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. മൊഴി നല്‍കിയവരുടെ പേര് വിവരങ്ങള്‍, തിരിച്ചറിയല്‍ രേഖകകള്‍ എന്നിവയാണ് ഡല്‍ഹി പൊലിസ് ഇവിടെയെത്തി ശേഖരിച്ചത്. അതേസമയം, ബ്രിജ് ഭൂഷണെ പൊലീസ് ചോദ്യം ചെയ്തോ എന്ന കാര്യം വ്യക്തമല്ല.

ബ്രിജ്ബൂഷണെതിരായ ഗുസ്തി താരങ്ങളുടെ പരാതായില്‍ 137 പേരുടെ മൊഴിയാണ് പൊലീസ് ഇതുവരെ രേഖപ്പെടുത്തിയത്. അതിനിടെ ഗുസ്തി താരങ്ങള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീണ്ടും കണ്ടേക്കുമെന്നും സൂചനയുണ്ട്. ശനിയാഴ്ച ഗുസ്തി താരങ്ങള്‍ അമിത് ഷായെ ഡല്‍ഹിയിലെ വസതിയിലെത്തി കണ്ടെങ്കിലും അനുകൂല പ്രതികരണം ഉണ്ടായില്ലെന്നായിരുന്നു താരങ്ങളുടെ പ്രതികരണം. ഇതിന് പിന്നാലെ ഇന്നലെ സമരം ചെയ്തിരുന്ന ഗുസ്തി താരങ്ങള്‍ തിരികെ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തിരുന്നു. താരങ്ങള്‍ സമരം നിര്‍ത്തിയെന്ന വാര്‍ത്തകള്‍ വന്നെങ്കിലും സമരം തുടരുമെന്നും ഔദ്യോഗിക കൃത്യനിര്‍വഹണങ്ങളുടെ ഭാഗമായാണ് തിരികെ ജോലിയില്‍ കയറിയതെന്നുമായിരുന്നു ഗുസ്തി താരങ്ങളുടെ വിശദീകരണം.

'നീതി കിട്ടാൻ ജോലി തടസ്സമാണെങ്കിൽ രാജി വയ്ക്കാനും മടിയില്ല'; ജോലി കാണിച്ച് പേടിപ്പിക്കരുതെന്നും സാക്ഷി മാലിക്

ഈ വര്‍ഷം ജനുവരി 18നാണ് ഗുസ്‌തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്.

മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗ സമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്.

വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്‌റംഗ് പൂനിയ തുടങ്ങിയ മുന്‍നിര താരങ്ങള്‍ ഉള്‍പ്പടെയാണ് ബ്രിജ് ഭൂഷനെതിരെ പ്രതിഷേധവുമായി ജന്ദര്‍ മന്ദിറിലിറങ്ങിയത്. മെയ് 28ന് ദില്ലിയിലെ പുതിയ പാര്‍ലമെന്‍റ് മന്ദിരത്തിലേക്കുള്ള മാര്‍ച്ചിനിടെ ഇവരെ ദില്ലി പൊലീസ് വലിച്ചിഴച്ച് സമരവേദി പൊളിച്ചു മാറ്റിയിരുന്നു. ഇതിന് ശേഷമാണ് മെഡലുകള്‍ ഗംഗയിലൊഴുക്കാന്‍ സാക്ഷി മാലിക് ഉള്‍പ്പടെയുള്ള ഗുസ്‌തി താരങ്ങള്‍ ഹരിദ്വാറിലേക്ക് നീങ്ങിയെങ്കിലും കര്‍ഷക സംഘടന നേതാക്കള്‍ ഇടപെട്ട് ഇവരെ പിന്തിരിപ്പിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios