Asianet News MalayalamAsianet News Malayalam

'എന്തിനീ മൗനം'; ഗുസ്‌തി താരങ്ങളെ പിന്തുണയ്‌ക്കാത്ത സച്ചിന്‍റെ വീടിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് ഫ്ലക്‌സ്

ഗുസ്‌തി പരിശീലകർക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ സച്ചിന്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത് എന്ന് പോസ്റ്ററില്‍ ചോദ്യം 

Wrestlers Protest Posters put up by Mumbai Youth Congress outside Sachin Tendulkar residence jje
Author
First Published Jun 1, 2023, 7:18 PM IST

മുംബൈ: ലൈംഗിക പീഡന കേസില്‍ ഗുസ്‌തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായി ബ്രിജ് ഭൂഷന്‍ സിംഗിനെതിരെ ഗുസ്‌തി താരങ്ങള്‍ ദില്ലിയില്‍ നടത്തുന്ന പ്രതിഷേധത്തില്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മൗനം ചോദ്യം ചെയ്‌ത് ഫ്ലക്‌സ്. സച്ചിന്‍റെ മുംബൈയിലെ വസതിക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വലിയ പോസ്റ്റര്‍ സ്ഥാപിച്ചത്. സച്ചിന്‍റെ വീടിന് മുന്നില്‍ ഫ്ലക്‌സ് സ്ഥാപിച്ചു എന്ന വിവരം ലഭിച്ചതും മുംബൈ പൊലീസ് പാഞ്ഞെത്തി പോസ്റ്റര്‍ നീക്കം ചെയ്‌തെന്നും ദേശീയ മാധ്യമമായ ഇന്ത്യ ടുഡെയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. വലിയ ജനസ്വാധീനമുള്ള ക്രിക്കറ്റ് താരങ്ങള്‍ ഗുസ്‌തി താരങ്ങളുടെ പ്രതിഷേധത്തില്‍ മൗനം പാലിക്കുന്നതായുള്ള വിമര്‍ശനം ശക്തമായിരിക്കേയാണ് സച്ചിന്‍റെ വസതിക്ക് മുന്നില്‍ ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടത്. 

'ഗുസ്‌തി പരിശീലകർക്കെതിരെ ഉയർന്ന ലൈംഗികാതിക്രമ പരാതികളിൽ സച്ചിന്‍ എന്തുകൊണ്ടാണ് പ്രതികരിക്കാത്തത്. ഭാരതരത്ന സ്വീകരിച്ച ഇതിഹാസ ക്രിക്കറ്റ് താരവും മുന്‍ എംപിയുമാണ് സച്ചിന്‍. പീഡനത്തിന് ഇരയായ താരങ്ങള്‍ക്കായി താങ്കള്‍ ശബ്‌ദിക്കൂ. സച്ചിന്‍റെ വാക്കുകള്‍ക്ക് വലിയ സ്വാധീനം സമൂഹത്തിലുണ്ട്' എന്നുമെഴുതിയ ഫ്ലക്‌സാണ് സച്ചിന്‍റെ വസതിക്ക് മുന്നില്‍ മുംബൈയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥാപിച്ചത്. 

കഴിഞ്ഞ ജനുവരി 18നാണ് ഗുസ്തി ഫെഡറേഷൻ അധ്യക്ഷൻ ബ്രിജ് ഭൂഷനെതിരെ ലൈംഗിക ആരോപണവുമായി താരങ്ങള്‍ രംഗത്തെത്തിയത്. ഫെഡറേഷൻ പിരിച്ചുവിടണമെന്നും ബ്രിജ് ഭൂഷനെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റണമെന്നുമുള്ള ആവശ്യങ്ങളായിരുന്നു താരങ്ങള്‍ ഉയർത്തിയത്. മൂന്ന് ദിവസം നീണ്ടുനിന്ന സമരത്തിനൊടുവിൽ താരങ്ങളുടെ പരാതി അന്വേഷിക്കാൻ കായിക മന്ത്രാലയം പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു. മേരി കോം അധ്യക്ഷയായ ആറംഗസമിതിയാണ് ഇവരുടെ പരാതികൾ അന്വേഷിക്കുന്നത്. വിഷയത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍ നടപടികള്‍ ഉണ്ടാവാതെ വന്നതോടെ താരങ്ങള്‍ വീണ്ടും പ്രതിഷേധവുമായി ഇറങ്ങുകയായിരുന്നു. താരങ്ങളുടെ പ്രതിഷേധത്തെ തുടര്‍ന്ന് കോടതി നിര്‍ദേശത്താലാണ് പരാതിയിന്‍മേല്‍ കേസ് എടുക്കാന്‍ ദില്ലി പൊലീസ് തയ്യാറായത്. 

Read more: 'ബ്രിജ് ഭൂഷണെതിരെ തെളിവില്ല, അറസ്റ്റ് ചെയ്യാനാവില്ല'; പ്രതിയെ ന്യായീകരിച്ച് ദില്ലി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios