Asianet News MalayalamAsianet News Malayalam

തളരില്ല, നീതി ലഭിക്കും വരെ സമരവുമായി മുന്നോട്ടുപോകുമെന്ന് സാക്ഷി മാലിക്

നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച സാക്ഷി മാലിക്, പിന്തുണ അറിയിച്ചവർ ഇതേ പിന്തുണ തുടരണമെന്നും ആവശ്യപ്പെട്ടു.

Wrestling star sakshi malik says will  continue the strike nbu
Author
First Published May 29, 2023, 11:37 PM IST

ദില്ലി: സമരത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ആവർത്തിച്ച് ഒളിംപിക്സ് മെഡൽ ജേതാവ് സാക്ഷി മാലിക്. സമരത്തിന്റെ ഭാവി പരിപാടികൾ ഉടൻ അറിയിക്കുമെന്നും സാക്ഷി മാലിക് അറിയിച്ചു. സമരത്തെ പിന്തുണയ്ക്കുന്നവർക്കുള്ള വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം അറിയിച്ചത്. നീതി ലഭിക്കും വരെ സമരത്തിൽ നിന്ന് പിന്മാറില്ലെന്ന് അറിയിച്ച സാക്ഷി മാലിക്, പിന്തുണ അറിയിച്ചവർ ഇതേ പിന്തുണ തുടരണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ജന്തർ മന്തറിൽ ഗുസ്തി താരങ്ങളുടെ സമരം തുടരാൻ അനുവദിക്കില്ലെന്ന് ദില്ലി പൊലീസ് അറിയിച്ചു. സമരവേദിയിലേക്കുള്ള വഴി ദില്ലി പൊലീസ് പൂർണമായും അടച്ചു. ഇന്നലെ നടന്ന സംഭവങ്ങൾക്ക് ഉത്തരവാദി പൊലീസാണെന്ന് ഗുസ്തി താരങ്ങൾ ആരോപിച്ചു. കലാപം സൃഷ്ടിക്കുകയോ, പൊതുമുതൽ നശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് സാക്ഷി മാലിക് പറഞ്ഞു.

പൊലീസ് കസ്റ്റഡിയിൽ നിന്ന് പുറത്തിറങ്ങിയാൽ ഉടൻ സമരം തുടരാൻ ജന്തർ മന്തറിലെത്തുമെന്നാണ് ഗുസ്തി താരങ്ങൾ ഇന്നലെ അറിയിച്ചിരുന്നത്. എന്നാൽ രാവിലെ മുതൽ ജന്തർ മന്തറിലേക്കുള്ള എല്ലാ വഴിയും പൊലീസ് ബാരിക്കേഡ് വച്ച് അടച്ചു. അവിടേക്കെത്തിയ ഗുസ്തി താരങ്ങളെ മടക്കി അയച്ചു. സമരം അവസാനിച്ചിട്ടില്ല എന്ന് തന്നെയാണ് താരങ്ങൾ ആവർത്തിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘർഷങ്ങൾക്ക് കാരണം പൊലീസിൻ്റെ നടപടികളാണെന്ന് സാക്ഷി മാലിക് പറഞ്ഞു. സമാധാനപൂർവ്വം മാർച്ച് നടത്താൻ മാത്രമാണ് ശ്രമിച്ചത്.

Also Read: 'ഹൃദയഭേദകം ഈ കാഴ്ച'; ഗുസ്‍തി താരങ്ങളുടെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അപര്‍ണ ബാലമുരളി

പല തവണ അഭ്യർത്ഥിച്ചിട്ടും മാർച്ചുമായി മുന്നോട്ട് പോയ സമരക്കാരുടെ നടപടി നിയമലംഘനമാണെന്നും, അത് കൊണ്ടാണ് സമരവേദി ഒഴിപ്പിച്ചത് എന്നുമാണ് ദില്ലി പൊലീസിൻ്റെ വിശദീകരണം. താരങ്ങൾ രേഖാമൂലം അനുവാദം തേടിയാൽ ജന്തർ മന്തർ അല്ലാത്ത മറ്റൊരു വേദി സമരത്തിന് അനുവദിച്ച് നൽകാമെന്നും ദില്ലി പൊലീസ് അറിയിച്ചു. ഇതിനോട് താരങ്ങൾ പ്രതികരിച്ചില്ല. പ്രതിപക്ഷ പാർട്ടികളെ ഗുസ്തി സമരത്തെ ഉപയോഗിച്ചുവെന്നും, രാജ്യത്തിൻ്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിച്ചു എന്നും ബിജെപി പിന്തുണയോടെ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിച്ച് തോറ്റ മുൻ ഗുസ്തി താരം യോഗേശ്വർ ദത്ത് കുറ്റപ്പെടുത്തി. അതേസമയം, ഒളിമ്പ്യൻ നീരജ് ചോപ്ര ഉൾപ്പടെ നിരവധി പേർ പൊലീസ് താരങ്ങളെ കയ്യേറ്റം ചെയ്തതിനെ വിമർശിച്ചു.

Follow Us:
Download App:
  • android
  • ios