തിരുവനന്തപുരം: നാല് തവണയാണ് പാലായില്‍ മാണിമാര്‍ ഏറ്റുമുട്ടിയത്. പേരും പ്രതാപവും അംഗബലവുമുള്ള കെ എം മാണിയോട് നാല് തവണയും തോല്‍ക്കാനായിരുന്നു മാണി സി കാപ്പന്‍റെ വിധി. കേരള കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയെന്ന് അറിയപ്പെടുന്ന പാലായില്‍ ഒടുവില്‍ മാണി സി കാപ്പന്‍ പ്രതിരോധം ഭേദിച്ചിരിക്കുകയാണ്. 

2016ല്‍ വെറുതെയങ്ങ് ജയിക്കുകയായിരുന്നില്ല. ഏറെ വിയര്‍പ്പൊഴുക്കി, കഷ്ടപ്പെട്ടാണ് ബാര്‍കോഴ അഴിമതി ആരോപണ വെല്ലുവിളിയെ കെ എം മാണി നേരിട്ടത്. സംസ്ഥാനം ഇടതുപക്ഷത്തോടൊപ്പം നിന്ന പോരാട്ടത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ വെറും 4703 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ അടിയറവ് പറഞ്ഞത്. 

മാണിയുടെ മരണ ശേഷം നടന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ കേരള കോണ്‍ഗ്രസ് വന്‍ വിജയം നേടിയ സാഹചര്യത്തില്‍ പാലാ മണ്ഡലത്തില്‍ ഒരു വിജയം ഇടതുപക്ഷം പോലും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തുടക്കം മുതലേ മാണി സി കാപ്പന്‍ പ്രതീക്ഷയിലായിരുന്നു. മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ പേര് പോലും ഉയര്‍ന്നുവരാതെ കാപ്പന്‍ സ്ഥാനാര്‍ത്ഥിത്വം സുരക്ഷിതമാക്കി. പിന്നീട് ചിട്ടയായ പ്രവര്‍ത്തനവും ബന്ധങ്ങളും വോട്ടാക്കി മാറ്റി. 

2016ല്‍ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളില്‍ നേരിയ വോട്ടിന്‍റെ ലീഡാണ് കെ എം മാണിക്കുണ്ടായിരുന്നത്. രാമപുരത്ത് 180 വോട്ടിന്‍റെ ലീഡാണ് മാണിക്ക് ലഭിച്ചത്. കടനാടില്‍ 107 വോട്ടും മേലുകാവില്‍ 305 വോട്ടും ഭൂരിപക്ഷം ലഭിച്ചു. മൂന്നിലവ് പഞ്ചായത്തും നേരിയ വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍(134) യുഡിഎഫിനൊപ്പം നിന്നു. എന്നാല്‍, തലനാട് പഞ്ചായത്തും (372)തലപ്പാലം പഞ്ചായത്തും(591) വോട്ടിന്‍റെ വ്യത്യാസത്തില്‍ മാണി സി കാപ്പനൊപ്പം നിന്നു. ഭരണങ്ങാനം, കരൂര്‍, മുത്തോലി, പാലാ നഗരസഭ, മീനച്ചില്‍, കൊഴുവനാല്‍, എലിക്കുളം പഞ്ചായത്തുകളില്‍ മാണി കരുത്തുകാട്ടിയതാണ് അന്ന് തുണയായത്.

2016ല്‍ മാണിയെ പിന്തുണച്ച ഈ പഞ്ചായത്തുകള്‍ മൂന്ന് വര്‍ഷത്തിനിപ്പുറം മാറി ചിന്തിച്ചു. യുഡിഎഫ് കോട്ടയായി അറിയപ്പെട്ടിരുന്ന പല പഞ്ചായത്തുകളും നേരിയ ഭൂരിപക്ഷത്തിനാണെങ്കിലും കാപ്പനൊപ്പം നിന്നു. കെ എം മാണിയുടെ മരണശേഷമുള്ള സഹാതപ തരംഗത്തേക്കാള്‍, നാല് തവണ തോറ്റ മാണി സി കാപ്പനോടുള്ള സഹതാപമാണ് വിജയക്കൊടി നാട്ടിയത്. കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണി-പി ജെ ജോസഫ് പടലപ്പിണക്കവും എന്‍ഡിഎയുടെ മോശം പ്രകടനവും മാണി സി കാപ്പന് അനുകൂലമായി.