പാലാ: കേരളം ഒന്നാകെ കാത്തിരുന്ന പാലാ ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ മാണി സി കാപ്പന്‍ വെന്നിക്കൊടി പാറിച്ചപ്പോള്‍ തിരിച്ചടിയേറെ നേരിട്ട് ജോസ് കെ മാണി. ജോസ്, ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ ഭിന്നത രൂക്ഷമായ അവസരത്തില്‍ തന്‍റെ സ്ഥാനാര്‍ത്ഥി കോട്ട പോലെ കെ എം മാണി കാത്ത മണ്ഡലത്തില്‍ തോല്‍വിയേറ്റ് വാങ്ങിയതാണ് ജോസ് കെ മാണിക്ക് തിരിച്ചടി നല്‍കുന്നത്.

അതിനൊപ്പം ജോസ് കെ മാണിയുടെ ബൂത്തില്‍ പോലും ജോസ് ടോമിന് ലീഡ് നേടായില്ലെന്നുള്ളത് യുഡിഎഫിനുള്ളില്‍ വലിയ വിവാദങ്ങള്‍ക്ക് കാരണമാകുമെന്നുറപ്പ്. പാലാ നഗരസഭയില്‍ ഉള്‍പ്പെടുന്ന ബൂത്തില്‍ മാണി സി കാപ്പനേക്കാള്‍ 10 വോട്ടിന് പിന്നിലാണ് ജോസ് ടോം.  2006-ല്‍ കെ എം മാണിക്കെതിരെ മത്സരിച്ച് പാലായെ സ്വന്തമാക്കാന്‍ മാണി സി കാപ്പന്‍ ആരംഭിച്ച പോരാട്ടത്തിനാണ് വിജയത്തോടെ അവസാനമായിരിക്കുന്നത്.

ജോസ് ടോമിനെ 2943 വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ തോല്‍പിച്ചത്. വോട്ടെണ്ണല്‍ ആരംഭിച്ച ശേഷം ഒരു ഘട്ടത്തിലും എതിരാളിക്ക് ലീഡ് വിട്ടു കൊടുക്കാതെയാണ് മാണി സി കാപ്പന്‍ പാലായില്‍ ജയിച്ചു കയറിയത്. യുഡിഎഫ് ശക്തികേന്ദ്രമായ രാമപുരത്തടക്കം ലീഡ് പിടിച്ച മാണി സി കാപ്പന് യുഡിഎഫിലെ ആഭ്യന്തരപ്രശ്നങ്ങള്‍ മൂലമുണ്ടായ വോട്ടു ചോര്‍ച്ച നേട്ടമായി മാറി.

എസ്എൻഡിപിയുടെ വോട്ട് കൈപ്പിടിയിലൊതുക്കാനായതും, മണ്ഡലത്തിലെ ദീർഘകാലപരിചയം വച്ച് വോട്ട് വരുന്ന വഴി നോക്കി ചിട്ടയായ പ്രചാരണം നടത്തിയതും കാപ്പന് തുണയായി. ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത തോല്‍വിയില്‍ അടി പതറി നില്‍ക്കുന്ന എല്‍ഡിഎഫിന് തിരിച്ചു വരവിനുള്ള വഴി കൂടിയാണ് പാലാ ജയത്തിലൂടെ മാണി സി കാപ്പന്‍ തുറന്നിട്ടത്.