പാലാ: പിജെ ജോസഫിനെ നേരില്‍ക്കാണുമെന്ന് പാലായിലെ യുഡിഎഫ് സ്ഥാനാർത്ഥി ജോസ് ടോം  ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് കണ്‍വെന്‍ഷനില്‍  ജോസഫിനെതിരെ പ്രവർത്തകർ  കൂവിയത് ശരിയായില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

രണ്ടില ചിഹ്നം കിട്ടാത്തതിൽ വിഷമമുണ്ട്. കണ്‍വെന്‍ഷനില്‍ പ്രവര്‍ത്തകര്‍ അങ്ങനെ പെരുമാറാന്‍ പാടില്ലായിരുന്നു എന്നും ജോസ് ടോം പറഞ്ഞു. അതേസമയം, ജോസഫിനെതിരായ കൂവൽ ആസൂത്രിതമായിരുന്നെന്നാണ് ജോസഫ് പക്ഷം ആരോപിക്കുന്നത്. കൂവാനായി കാഞ്ഞിരപ്പള്ളിയിൽ നിന്ന് ആളെ ഇറക്കി. രണ്ടില ചിഹ്ന തർക്കത്തിൽ തങ്ങൾക്കുണ്ടായ വിജയത്തെ കൂവി തോൽപിക്കാനാകില്ലെന്നും ജോസഫ് പക്ഷം പറയുന്നു. 

യുഡിഎഫ് നേതാക്കള്‍ക്കൊപ്പം കണ്‍വെന്‍ഷന്‍ വേദിയിലേക്കെത്തിയ ജോസഫിനെ കണ്ടപ്പോള്‍ സദസ്സിലുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കൂവിവിളിക്കുകയായിരുന്നു. പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ജോസഫിന് നേരെ ഗോ ബാക്ക് വിളികളുമുണ്ടായി. പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുന്നു എന്നു പറഞ്ഞാണ് കെ എം മാണിയെ പ്രകീര്‍ത്തിച്ച് ജോസഫ് പ്രസംഗം തുടങ്ങിയത്. പാലായിലെ വികസനവും കെഎം മാണിയുമായി ഉണ്ടായിരുന്ന വ്യക്തിപരമായ അടുപ്പവും എല്ലാം വിവരിച്ച ജോസഫ്, തെരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ യുഡിഎഫ് ഒറ്റക്കെട്ടാകുമെന്നും വിജയം ഉറപ്പാണെന്നും പറഞ്ഞിരുന്നു.